ശബരിമല സ്വര്‍ണപ്പാളി വിവാദം; മുരാരി ബാബുവിനെതിരായ നടപടി കണ്ണിൽപ്പൊടിയിടാൻ മാത്രം. ഒരാളെ ബലിയാടാക്കി തലയൂരാൻ ശ്രമിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ നിലവിലുളള ഭരണസമിതിയോ ? ദേവസ്വം ബോർഡ് അംഗം എ.അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നതിൻെറ തെളിവുകൾ പുറത്ത്. സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ബാബുവിന് ഇപ്പോൾ ആഡംബര വീടും അനുബന്ധ സൗകര്യങ്ങളുമുണ്ട്

അജി കുമാറിനെ പോലെ ദേവസ്വം ബോർഡ് പ്രസിഡന്റായ പി.എസ്.പ്രശാന്തിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്.പ്രശാന്ത് അടുത്തിടെ തിരുവനന്തപുരം വഴയിലയിൽ വലിയ വീട് വെച്ചത് അടക്കം സംശയകരമാണെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.

New Update
photos(114)

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബുവിനെ സസ്‌പെന്‍റ് ചെയ്ത് തലയൂരാൻ ശ്രമിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ നിലവിലുളള ഭരണസമിതിക്കെതിരെയും ആരോപണം ശക്തമാകുന്നു.

Advertisment

ദേവസ്വം ബോർഡ് അംഗം എ.അജികുമാറിന് സ്വർണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നതിൻെറ തെളിവുകൾ പുറത്തുവന്നതാണ് നിലവിലുളള ദേവസ്വം ബോർഡിനെയും പ്രതിരോധത്തിലാക്കുന്നത്.


കായംകുളം സ്വദേശിയായ അജികുമാറിൻെറ കുടുംബക്ഷേത്രം വക ഭവനപദ്ധതിയുടെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് വീടുകൾ നിർമ്മിച്ച് നൽകിയതിൻെറ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മെയ് 25നായിരുന്നു വീടുകളുടെ താക്കോൽ കൈമാറ്റം.


കായംകുളം എംഎൽഎ യു.പ്രതിഭയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കായംകുളം കണ്ണമ്പളളി ഭാഗം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഭവന പദ്ധതിയുമായി  ഉണ്ണികൃഷ്ണൻ പോറ്റിയെ ബന്ധപ്പെടുത്തിയത് അജികുമാറാണെന്ന് വ്യക്തമാണ്.

ബംഗലൂരു സ്വദേശികളായ മൂന്ന് അയ്യപ്പ ഭക്തർ നിർമിച്ചു നൽകുന്ന വീട് എന്നാണ് നോട്ടീസിലും മറ്റും  പറഞ്ഞിട്ടുളളത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പം രാഘവേന്ദ്ര, രമേശ് എന്നിവരാണ് വീട് നിർമ്മിച്ച് നൽകിയത്. 


വീട് നിർമ്മിച്ച് കൈമാറുന്നതിനൊപ്പം അജികുമാറിൻെറ കുടുംബ ക്ഷേത്രമായ അറയ്ക്കൽ ക്ഷേത്രത്തിൻെറ ചുറ്റുവിളക്ക് സമർപ്പണവും നടന്നിരുന്നു. അതും ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സംഭാവന ചെയ്തതാണോയെന്ന് വ്യക്തമല്ല.


ദേവസ്വം ബോർ‍ഡിലെ ധനകാര്യ വിഭാഗത്തിൻെറ അടക്കം ചുമതലക്കാരനായ അജികുമാറിനോടുളള അടുപ്പമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കായംകുളത്തെ കുടുംബ ക്ഷേത്രത്തിൻെറ ഭവനപദ്ധതിയിൽ പങ്കാളിയാക്കിയത്.

അജികുമാറല്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിക്കോ ബംഗലരു സ്വദേശികളായ രാഘവേന്ദ്രയ്ക്കും രമേശിനും ക്ഷേത്രവുമായോ പ്രദേശവുമായോ ഒരു ബന്ധവുമില്ല. 


ഉണ്ണികൃഷ്ണൻ പോറ്റിയും അജികുമാറും തമ്മിലുളള അടുപ്പമാണ് വീട് നൽകാൻ പ്രേരണയായതെന്ന് വ്യക്തമായി ബോധ്യപ്പെടുമ്പോൾ ഇതിനൊക്കെ പകരമായി ദേവസ്വം ബോർഡിൽ നിന്ന് അജികുമാറിന് എന്തൊക്കെ സഹായങ്ങളും സൗകര്യങ്ങളുമാണ് ലഭിച്ചതെന്നാണ് ഇനി അറിയാനുളളത്.


അജി കുമാറിനെ പോലെ ദേവസ്വം ബോർഡ് പ്രസിഡന്റായ പി.എസ്.പ്രശാന്തിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്.പ്രശാന്ത് അടുത്തിടെ തിരുവനന്തപുരം വഴയിലയിൽ വലിയ വീട് വെച്ചത് അടക്കം സംശയകരമാണെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.

40 ലക്ഷം രൂപയുടെ ബാങ്ക് വായ്പയിൽ നിർമ്മിച്ച വീടിന് അതിൻെറ മൂന്നോ നാലോ ഇരട്ടി തുക ചെലവായിട്ടുണ്ടെന്നാണ് ആരോപണം. ദേവസ്വം ബോർഡിലെ മുൻ പി.ആർ.ഓയും പാർട്ടി ചാനലിലെ മാധ്യമ പ്രവർത്തകനുമായ വ്യക്തിക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധവും ഇടപാടുകളുമുണ്ടെന്ന ആക്ഷേപവും ദേവസ്വംബോർഡിലുണ്ട്.


സ്വർണപാളിവിവാദത്തിൽ മുൻ പി.ആർ‍.ഒയെ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യം ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തിന് മുന്നിലുണ്ട്. എന്നാൽ അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന. 


എ.ഡി.ജി.പി എച്ച് വെങ്കിടേഷിൻെറ നേതൃത്വത്തിലുളള പുതിയ അന്വേഷണ സംഘം മുൻ പി.ആർ.ഒയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ബോർഡിലെ ജീവനക്കാർ. 

ബോർഡിലെ ഉന്നതർക്കും അടുപ്പമുളള ഉദ്യോഗസ്ഥർക്കും ലാപ് ടോപ്പുകൾ ഫോണുകൾ തുടങ്ങിയ ഉപഹാരങ്ങളും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിട്ടുണ്ടെന്നും ബോർഡ് ആസ്ഥാനത്തെ ജീവനക്കാർ പറയുന്നു.


സ്വർണപ്പാളി വിവാദത്തിൽ സസ്പെൻഷനിലായ അന്നത്തെ ശബരിമല അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിൻെറ ഇടപാടുകളെ കുറിച്ച് മുൻപും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. 


ഏറ്റുമാനൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മുരാരി ബാബുവിന് എതിരെ ആക്ഷേപങ്ങൾ ഉയർന്നത്. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തിന് അടുത്താണ് മുരാരി ബാബുവിൻെറ വീട്.

സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ബാബുവിന് ഇപ്പോൾ ആഡംബര വീടും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതേപ്പറ്റി എല്ലാം അന്വേഷണം വേണമെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാരിൽ നിന്ന് ഉയരുന്ന ആവശ്യം.

Advertisment