/sathyam/media/media_files/2025/10/08/photos125-2025-10-08-19-12-24.png)
തിരുവനന്തപുരം: തിരുവനന്തപുരം വിഷൻ 2031 പരിപാടിയുടെ ഭാഗമായുള്ള സെമിനാറിൽ ആളെ കൂട്ടാൻ പ്രത്യേക ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.
ഈ മാസം 15 ന് തിരുവല്ലയിൽ വെച്ചു നടക്കുന്ന സെമിനാറിൽ മോട്ടോർ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കാണിച്ചാണ് ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷ്ണറാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സബ് ആർടി ഓഫീസുകളിൽ നിന്ന് പിആർഒയും ഒരു ക്ലർക്കും ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നാണ് നിർദേശം.
റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഒരു പി ആർ ഒയും രണ്ട് ക്ലർക്കും ഒഴികെ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. സെമിനാറിന് കൂട്ടത്തോടെ ഉദ്യോഗസ്ഥർ എത്തുന്നതോടെ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിക്കാൻ സാധ്യതയുണ്ട്.
സെമിനാറിന് പരമാവധി ആളുകളെ കൂട്ടാൻ ഉത്തരവിറക്കിയത് മന്ത്രിയെ പ്രീതിപ്പെടുത്താനാണെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം പങ്കാളിത്തം കുറഞ്ഞതിൽ പ്രതിഷേധിച്ച് വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് മന്ത്രി പരസ്യമായി റദ്ദാക്കിയിരുന്നു.
വിഷൻ 2031 ന്റെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ മാസത്തിൽ 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്.
ഇതിൽ മോട്ടോർ വാഹനവകുപ്പിന്റെ സെമിനാറാണ് ഒക്ടോബർ 15 ന് തിരുവല്ലയിൽ വെച്ച് നടക്കുന്നത്.
അതിലേക്ക് പരമാവധി ഉദ്യോഗസ്ഥർ എത്തണം എന്ന് കാണിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷ്ണർ ഉത്തരവിറക്കിയിരിക്കുന്നത്.