/sathyam/media/media_files/2025/10/08/pinarayi-niyamasabha-2025-10-08-19-49-09.png)
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗം നടത്തുന്നതിനിടെ അധിക്ഷേപ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറാന്‍ ശ്രമിച്ചതോടെ അവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞിരുന്നു.
അത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎല്‍എയുടെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ച് രംഗത്തെത്തിയത്. എട്ടുമുക്കാലട്ടി വച്ചതു പോലെ തന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
'എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്.
സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം', മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. 'ഈ സഭയില്‍ രണ്ടുദിവസം സഭാനടപടികളാകെ സ്തംഭിപ്പിച്ച് പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ എന്താണ് അവരുടെ ആവശ്യം?
ഏത് പ്രതിപക്ഷത്തിനും സഭയില്‍ ആവശ്യങ്ങളുന്നയിക്കാം. സര്‍ അങ്ങ് പലവട്ടം ചോദിച്ചല്ലോ എന്താണ് ആവശ്യമെന്ന്. അവര്‍ ഇതേവരെ ഉന്നയിക്കാന്‍ തയ്യാറായോ. എന്താണ് അവര്‍ ഭയപ്പെടുന്നത്.
അവര്‍ ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ഏത് പ്രശ്നത്തിനും വിശദീകരണം നല്‍കാനും മറുപടി പറയാനും ഞങ്ങള്‍ തയ്യാറാണല്ലോ. എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഇവിടെ ഉയര്‍ത്തിയ ചില ബാനറുകളില്‍ കാണാന്‍ കഴിഞ്ഞു, സഭയില്‍ ഭയമെന്ന്.
അത് അവര്‍ക്കുള്ള ഭയമല്ലേ. ആ ഭയത്തിന്റെ ഭാഗമായല്ലേ അവര്‍ ഇവിടെ ഒരുപ്രശ്നവും ഉന്നയിക്കാതിരുന്നത്. ഉന്നയിക്കാന്‍ പല മാര്‍ഗങ്ങളുണ്ടല്ലോ.
ചോദ്യോത്തരവേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം. ശ്രദ്ധക്ഷണിക്കലാകാം. സബ്മിഷനാകാം. അങ്ങനെ പല മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗം ഇതേവരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അതിന് കാരണം. അവര്‍ ഭയപ്പെടുന്നു. വസ്തുതകളെ ഭയപ്പെടുന്നു.
വസ്തുതകള്‍ അവര്‍ക്ക് വലിയ വിഷമകരമായരീതിയില്‍ ഉയര്‍ന്നുവരും. അത് ഭയപ്പെട്ടുകൊണ്ട് ഒന്നും സഭയില്‍ ഉന്നയിക്കാന്‍ തയ്യാറല്ല. അതേസമയം, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നു.
പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടേതായരീതികളുണ്ട്. ആ രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ സംവിധാനങ്ങളുമുണ്ട്.
അതിനെയെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ഞങ്ങള്‍ അത്തരത്തിലുള്ള ഒരു പുകമറയെയും ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നകാര്യങ്ങളില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുണ്ടെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിയുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതെല്ലാം വന്നപ്പോള്‍ തങ്ങളുടെ കയ്യില്‍ ഒന്നും പറയാനില്ല പിന്നെ ഇങ്ങനെയുള്ള ചില രീതികള്‍ കാണിക്കുക എന്നതാണ്.
ഒരു ബോര്‍ഡില്‍ കണ്ടു സിബിഐ അന്വേഷണം വേണമെന്ന്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ട്. സാധാരണ നിലയിലുള്ള പാര്‍ലമെന്ററി നടപടിക്രമം അറിയാത്തവരല്ല തങ്ങളൊന്നും അതൊരു ദൗര്‍ബല്യമായി പ്രതിപക്ഷം കാണുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ സഭയില്‍ കാണാത്ത നടപടികളാണ് പ്രതിപക്ഷം കൈക്കൊണ്ടത്. സ്പീക്കറുടെ മുഖം മറച്ച നടപടി അവര്‍ ബോധപൂര്‍വ്വം ചെയ്താണ്. പലയിടങ്ങളില്‍ പാര്‍ലമെന്റ് പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല.
സഭ രണ്ട് ദിവസം സ്തംഭിപ്പിച്ച പ്രതിപക്ഷം അവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവര്‍ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ബോഡി ഷെയിമിങിനെതിരെയും വിഡി സതീശന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭയിലെ ഒരംഗത്തെ ഉയരക്കുറവുള്ളയാള്‍, ശരീര ശേഷി ഇല്ലാത്തയാള്‍ എന്നൊക്കെ പറയുന്നുണ്ട്.
ആരാണ് അളവുകോല്‍ ഇവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നത്? എത്ര പൊക്കം വേണം ഒരാള്‍ക്ക്? മുഖ്യമന്ത്രിയുടെ കയ്യില്‍ അളവുണ്ടോ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല. ഇത് പൊളിറ്റിക്കലി ഇന്‍കറ്ട് ആയിട്ടുള്ള പ്രസ്താവനയാണ്. ഇവര്‍ പുരോഗമന വാദികളാണെന്ന് വെറതേ പറയുന്നവരാണ്. 19-ാം നൂറ്റാണ്ടിലെ സ്‌പെയിനില്‍ ജീവിക്കണ്ടവരാണിവരെന്നും വിഡി സതീശന്‍ പറഞ്ഞു.