ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്

ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക.

New Update
photos(128)

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. 

Advertisment

ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ‘മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.


ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക.


വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല ബയോബിൻ യൂണിറ്റ്, പോർട്ടബിൾ ബയോഗ്യാസ് യൂണിറ്റ്, മിനി ബയോ പെഡസ്റ്റൽ യൂണിറ്റ്, പോർട്ടബിൾ എച്ച്ഡിപിഇ/ബക്കറ്റ് കംപോസ്റ്റ് യൂണിറ്റ്, കുഴിക്കമ്പോസ്റ്റ് യൂണിറ്റ്, പൈപ് കംപോസ്റ്റിങ്, ജി ബിൻ 3 ബിൻ സിസ്റ്റം, ജി ബിൻ 2 ബിൻ സിസ്റ്റം, വി കംപോസ്റ്റർ, സ്മാർട്ട് ബയോബിൻ, ബൊക്കാഷി ബക്കറ്റ്, വെർമിയോൺ കിച്ചൻ വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്, കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ, ഓർഗാനിക് കംപോസ്റ്റിങ് ബിൻ, കൊതുകു ശല്യമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ശുചിത്വമിഷൻ അംഗീകരിച്ച ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ.


നികുതി ഇളവിനായി വീട്ടുടമകൾ ഹരിത മിത്രം അല്ലെങ്കിൽ കെ-സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഒരു ഡിക്ലറേഷൻ സഹിതം അപേക്ഷ നൽകണം. 


വാർഡ് ചുമതലയുള്ള തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥൻ, ഹരിത കർമ്മ സേനയുടെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവിന് പരിഗണിക്കുക. പ്രസ്തുത ലിസ്റ്റ് ഗ്രാമസഭയിലും സമർപ്പിക്കും.

നികുതി ഇളവിന് ഒരു വർഷത്തേക്കാണ് പ്രാബല്യം ഉണ്ടാവുക. തുടർന്ന് വരുന്ന വർഷങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷനിലെ പ്രവർത്തന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിച്ച് ഇളവ് നല്കാവുന്നാതണെന്ന് ഉത്തരവിൽ പറയുന്നു.

Advertisment