/sathyam/media/media_files/2025/01/30/HflgC5MwKqnWic4iCCKP.jpg)
തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കട്ട് വിറ്റതല്ല, അക്കാര്യം ചൂണ്ടിക്കാണിച്ചതാണ് ഇപ്പോള്‍ കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഇക്കാര്യം ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണമെന്നാണ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. തന്നെ വനവാസത്തിന് അയയ്ക്കാന്‍ കടകംപള്ളിക്ക് എന്തൊരു താല്‍പ്പര്യമാണ്. അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റുവെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇപ്പോഴല്ല, എല്ലാം 2019 ലാണ് കുഴപ്പം നടന്നതെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞത്.
അത് അവരെ ന്യായീകരിക്കാന്‍ വേണ്ടി കൂടി പറഞ്ഞതാണ്. 2019 ല്‍ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റഴിക്കുന്ന സമയത്ത് മന്ത്രിയായിരുന്ന ആളാണ് കടകംപള്ളി സുരേന്ദ്രന്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടംകപള്ളി സുരേന്ദ്രന് വലിയ ബന്ധമാണുള്ളത്.
അതുകൊണ്ടു തന്നെ കടകംപള്ളി സുരേന്ദ്രന് ഈ ദ്വാരപാലകശില്‍പ്പം വിറ്റിരിക്കുന്നത് എവിടെയാണെന്ന് അറിയാം. ആ കോടീശ്വരന്റെ പേര് വെളിപ്പെടുത്തണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ വിഗ്രഹം വിറ്റ കാര്യം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അറിയാം. കോടതി പറഞ്ഞപ്പോഴാണ് നമ്മള്‍ പൊതുജനം ഇക്കാര്യം അറിയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷ സമരം നിയമസഭയ്ക്ക് അകത്തും പുറത്തും തുടരുക തന്നെ ചെയ്യും. കോണ്‍ഗ്രസ് വിവിധ ജാഥകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ സമരം നടത്തുന്നുണ്ട്. 18 ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നിന്നും അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്തേക്ക് പദയാത്ര നടത്തുമെന്നും പ്രതിപക്ഷ നേതാവി വിഡി സതീശന്‍ അറിയിച്ചു.