സംസ്ഥാന സ്‌കൂൾ കായികമേള 21 മുതൽ; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ

സ്‌കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. 

New Update
SCHOOL SPORTS

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്. 

Advertisment

ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്‌കൂൾ ഒളിമ്പിക്‌സിന്റെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു.

മുൻ വർഷത്തെ പോലെ തന്നെ ‘സംസ്ഥാന സ്‌കൂൾ കായിക മേള 2025’ ഒളിമ്പിക്‌സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

2024-ൽ ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ മേള സംഘടിപ്പിച്ചിരുന്നു.

സ്‌കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. 

സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്‌കൂൾ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്‌പോർട്‌സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കുകയും ഗ്രൂപ്പ് 1 & 2 മത്സരങ്ങൾ കണ്ണൂർ, കൊല്ലം ജില്ലകളിൽ പൂർത്തിയാക്കിയിട്ടുണ്ട്. 

ഗ്രൂപ്പ് 3 & 4 മത്സരങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വരും ദിവസങ്ങളിൽ പൂർത്തിയാകും. 

ഈ മത്സരങ്ങളുടെ നാഷണൽ മത്സരങ്ങൾ സ്‌കൂൾ ഒളിമ്പിക്‌സിന് മുൻപ് നടത്താൻ എസ്.ജി.എഫ്.ഐ.തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നത്.

മുൻ വർഷത്തെക്കാൾ മികവോടെ സ്‌കൂൾ ഒളിമ്പിക്‌സ് മേള സംഘടിപ്പിക്കുന്നതിനു സർക്കാർ/ സർക്കാർ ഇതര സംവിധാനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ട്. 

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം നഗരമധ്യത്തിലെ സെൻട്രൽ സ്റ്റേഡിയമാണ് നിലവിൽ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. 

ഈ സ്റ്റേഡിയത്തിൽ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ ജർമ്മൻ ഹാങ്ങർ പന്തൽ ഉപയോഗിച്ച് നിർമിച്ച് ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ പോപ്പുലർ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കുന്നു. 

കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുങ്ങുന്നത്.

ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ പ്രതീക്ഷിക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരങ്ങൾ ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.

ഒളിമ്പിക്‌സ് മാതൃകയിൽ രണ്ടാമത് സംഘടിപ്പിക്കുന്ന 67-മത് സ്‌കൂൾ കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. 

വർണ്ണശബളമായ വിളംബര ഘോഷയാത്ര ഒരാഴ്ച മുമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഈ കായിക മാമാങ്കത്തിനു മാറ്റുകൂട്ടും.

മുൻ സ്‌കൂൾ ഒളിമ്പിക്‌സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് ഈ വർഷത്തെ പ്രധാന വേദിയിൽ സമാപിക്കുന്ന രീതിയിൽ ആകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നത്. ഇത്തവണ കുട്ടികളിൽ നിന്നാണ് ഒളിമ്പിക്‌സ് തീം സോംഗ് തെരഞ്ഞെടുക്കുന്നത്. 

ഒളിമ്പിക്‌സ്, ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര സ്‌പോർട്‌സ് മേളകളിൽ അതത് രാജ്യങ്ങളുടെ സംസ്‌കാരം വിളിച്ചോതുന്ന പരിപാടികളാണ് ഉദ്ഘാടന വേളയിൽ സംഘടിപ്പിക്കാറുള്ളത്. ഇതു പോലെയായിരിക്കും സംസ്ഥാന സ്‌കൂൾ കായികമേളയുടെയും ഉദ്ഘാടന ചടങ്ങും.

ഉദ്ഘാടന ചടങ്ങിനൊപ്പമുള്ള മാർച്ച് പാസ്റ്റിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ നാലായിരത്തി അഞ്ഞൂറ് പേർ പങ്കെടുക്കും. കൂടാതെ എസ്.പി.സി., എൻ.സി.സി. ബാൻഡ്, മാസ് ഡ്രിൽ എന്നിവയുടെ അകമ്പടിയും ഉണ്ടാകും.

സ്വർണ്ണകപ്പ് ഘോഷയാത്ര, ദീപ ശിഖാ പ്രയാണം എന്നിവയ്ക്ക് ഒപ്പം തെരുവു നാടകങ്ങൾ, ഫ്‌ളാഷ് മോബുകൾ എന്നിവയും നടത്തും. അതോടൊപ്പം കലാ സന്ധ്യകൾ, സാഹസിക കായിക ഇനങ്ങളുടെ പ്രദർശനം, സ്‌പോർട്‌സ് സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, നൈറ്റ് ബാൻഡ് എന്നിവ കൂടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Advertisment