/sathyam/media/media_files/2025/10/11/photos162-2025-10-11-00-31-26.png)
തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ 2031 സെമിനാറിൽ ‘ഭക്ഷ്യ ഭദ്രതയിൽ നിന്ന് പോഷക ഭദ്രതയിലേക്ക്’ എന്ന വീക്ഷണനയരേഖ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ചു.
സംസ്ഥാന സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നാണ് ഇന്ന് ചേർന്നത്. 2031 ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് മന്ത്രി പറഞ്ഞു.
1947 ൽ നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെയും പോലെ കേരളവും അതീവ ദരിദ്രവും പിന്നോക്കവും ആയിരുന്നു. അതിനുമപ്പുറം ഒരു ഭക്ഷ്യകമ്മി സംസ്ഥാനം ആയതുകൊണ്ട് ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലുമായിരുന്നു.
എന്നാൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ പോകുന്നു. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം അതിവിപുലവും ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്നതുമായ ഒരു വിപണി ഇടപെടൽ ശൃംഖലയിലൂടെ കൂടെ ആണ് വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിഞ്ഞത്.
ഇതേ പാതയിൽ നിശ്ചയദാർഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് കേരളം ലക്ഷ്യം വെക്കുന്നത് മന്ത്രി പറഞ്ഞു.
ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങളിലൂടെയും ജീവിതഗുണമേന്മയിലൂടെയും അടയാളപ്പെടുത്തപ്പെട്ട ഈ മികവുകൾക്ക് നാം തീർച്ചയായും കാർഷിക ഭൂപരിഷ്‌ക്കരണത്തോടും സാർവ്വത്രിക വിദ്യാഭ്യാസ-പൊതുജനാരോഗ്യ സംവിധാനത്തോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോവുമായിരുന്നു.