22,383 ബൂത്തുകള്‍, 44,766 വോളണ്ടിയര്‍മാര്‍. 21 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും

44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

New Update
poliooo.jpg

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഇന്ന്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. 

Advertisment

5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. 

ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ വൈകിട്ട് 8 മണിവരെ പ്രവര്‍ത്തിക്കും. 

അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബര്‍ 12,13,14 തീയതികളില്‍ പ്രവര്‍ത്തിക്കും.

ഞായറാഴ്ച തുളളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഒക്ടോബര്‍ 13, 14 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. 

തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കേണ്ടതുണ്ട്. 

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈ സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Advertisment