/sathyam/media/media_files/2025/10/11/unnikrishnan-potty-2025-10-11-16-50-10.jpg)
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന.
ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ദേവസ്വം ഉദ്യോഗസ്ഥരാണ്.
കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലില്‍ തനിക്ക് ലാഭം ഉണ്ടായില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം 30 വരെയാണ് റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ പോറ്റിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്നാണ് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്.
സ്വര്‍ണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് എന്നാണ് അന്വേഷണസംഘത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നാണ് വിവരം.
സ്വര്‍ണം വിറ്റു കിട്ടുന്ന നേട്ടമല്ല, പകരം കട്ടിളപ്പാളി പലയിടത്തും പ്രദര്‍ശിപ്പിച്ച് ഭക്തി വില്‍പ്പനച്ചരക്കാക്കി ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്.
എന്നാല്‍ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്.
ഇക്കാര്യം ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശല്‍ ആശയം മുന്നോട്ടു വെക്കപ്പെടുന്നത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തി.
സ്വര്‍ണക്കവര്‍ച്ചയില്‍ നടന്നത് വന്‍ ഗൂഢാലോചനയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
താനൊറ്റയ്ക്കല്ല, ഉദ്യോഗസ്ഥരടക്കം വലിയ സംഘം ഇതില്‍ പങ്കാളികളാണ്.
ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ നേരിട്ട് എത്തിയില്ല.
അവിടെ നിന്നും ബാക്കി വന്ന സ്വര്‍ണം കല്‍പേഷ് വഴിയാണ് താന്‍ സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്