ട്രെയിനുകളിലെ പുഴുവരിച്ച ഭക്ഷണം ഇനിയെങ്കിലും മാറുമോ. കുടുംബശ്രീയെ ഭക്ഷണ വിതരണം ഏൽപ്പിച്ചാൽ യാത്രക്കാർക്ക് നല്ല ഭക്ഷണം കിട്ടും. ട്രെയിൻ ഭക്ഷണ കരാർ നേടുന്നത് ഡൽഹിയിലെ വമ്പന്മാർ. കരാർ എടുത്ത് ചെറുകിട കരാറുകാർക്ക് മറിച്ചുനൽകും. ഭക്ഷണം ഉണ്ടാക്കുന്നത് ഭായിമാർ. ട്രെയിനിലെ ഭക്ഷണ കൊള്ളയ്ക്ക് തടയിടാൻ ആരുണ്ട്

ട്രെയിനിലെ ഭക്ഷണ പരാതികൾ ഐ.ആർ.സി.ടി.സിക്കോ റെയിൽവേയ്‌ക്കോ നൽകാം.

New Update
1001331777

തിരുവനന്തപുരം: വൻ വില കൊടുത്ത് ടിക്കറ്റ് എടുത്ത് പുഴു അരിച്ച ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് ട്രെയിൻ യാത്രക്കാർ.

Advertisment

വന്ദേഭാരത് ട്രെയിനുകളിൽ അടക്കം വൃത്തി ഇല്ലാത്തതും പഴകിയതും ആയ ഭക്ഷണം ആണ് വിളമ്പുന്നത്.

ഡൽഹിയിലെ വമ്പൻ ഗ്രൂപ്പുകൾ ആണ് ട്രെയിൻ ഭക്ഷണം നൽകാനുള്ള കരാർ എടുത്തിരിക്കുന്നത്. 

കേരളത്തിൽ കുടുംബ ശ്രീ അടക്കം ട്രെയിൻ ഭക്ഷണ വിതരണ കരാർ നേടാൻ ശ്രമിച്ചിരുന്നു.

 കുടുംബ ശ്രീയെ ഭക്ഷണ വിതരണം ഏൽപ്പിച്ചാൽ യാത്രക്കാർക്ക് നല്ല ഭക്ഷണം കഴിക്കാൻ വഴിയൊരുങ്ങും.

പഴകിയ ഭക്ഷണം നൽകുന്നതിനാൽ വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർ ഭക്ഷണം ഒഴിവാക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം വിതരണ കരാറിൽ നിന്ന് ഒഴിവാക്കിയ കമ്പനി വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് അഞ്ചുമാസം മുമ്പ് കൊച്ചിയിൽ പൂട്ടിച്ച ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് ആണ്.

ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണവിതരണം ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിന്റെ കുത്തകയാണ്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ തന്നെ ഇവർക്ക് നേരിട്ട് കരാർ നൽകുകയായിരുന്നു. ചെറുകിട കരാറുകാർക്ക് മറിച്ചുനൽകുകയാണ് ഇവരുടെ രീതി.

എളംകുളത്ത് ദുർഗന്ധം വമിക്കുന്ന കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മേയ് 14ന് കിച്ചൻ പൂട്ടിച്ചെങ്കിലും കരാർ തുടർന്നു.

റെയിൽവേയിൽ വമ്പന്മാരുമായി ഇവർക്ക് അടുത്ത ബന്ധം ആണുള്ളത്. 

കേരളത്തിൽ തന്നെയുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ചർച്ചകൾ നടത്തിവരികയാണ്.

ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

 താത്കാലകമായി ചുമതല നൽകിയ ഏജൻസികളുടെ ഭക്ഷണത്തിനെക്കുറിച്ചും വ്യാപകമായ പരാതി വന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിൽ ആക്ക്കിയത്.

കൊച്ചി കോർപ്പറേഷന്റെ കുടുംബശ്രീ സംരംഭമായ സമൃദ്ധി കിച്ചൻ ഇപ്പോൾ എറണാകുളത്തെ നാലു ട്രെയിനുകളിലെ ഭക്ഷണവിതരണം കരാറെടുത്തിട്ടുണ്ട്.

 ജനശതാബ്ദി, പരശുറാം, ഇന്റർസിറ്റി, വേണാട് ട്രെയിനുകളിലാണ് ലഭിക്കുക.

 വിലക്കുറവിനും ഗുണനിലവാരത്തിനും പേരുകേട്ട സമൃദ്ധി റെയിൽവേയുടെ മദദ് ആപ്പുവഴി ഓൺലൈൻ ഓർഡർ ഉടനെ ഏറ്റെടുക്കും.

റെയിൽവേ കേറ്ററിംഗ് രംഗത്തെ പ്രമാണികൾ പതിറ്റാണ്ടുകളായി ഡൽഹിയിലെ ആർ.കെ. അസോസിയേറ്റ്സാണ്.

 ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് പൂർണമായും ഇവർക്കാണ്.

ആർ.കെ അസോസിയേറ്റ്സും ബൃന്ദാവൻ, രൂപ്‌സ് ഫുഡ്സ്, സത്യം ഫുഡ്സ് തുടങ്ങിയ കമ്പനികളും ചേർന്നാണ് റെയിൽവേയിലെ ഭക്ഷണ വിതരണം നിയന്ത്രിക്കുന്നത്.

 റെയിൽവേ ആരുഭരിച്ചാലും ഇവരാണ് കാര്യങ്ങൾ തീരുമാനിക്കുക. ട്രെയിനിലെ ഭക്ഷണ പരാതികൾ ഐ.ആർ.സി.ടി.സി ക്കോ റെയിൽവേയ്‌ക്കോ നൽകാം.

ടി.ടി.ഇയോടും കാറ്ററിംഗ് സ്റ്റാഫിനോടും പരാതിപ്പെട്ടാൽ ഉടനെ പരിഹാരമുണ്ടായേക്കും.

ട്രെയിനിലെ ഭക്ഷണ കൊള്ളയ്ക്ക് തടയിടാൻ ആരുണ്ട് എന്നാണ് ഇനി അറിയാനുള്ളത്.

Advertisment