/sathyam/media/media_files/2025/10/18/images-1280-x-960-px400-2025-10-18-17-37-49.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന.
കാരേറ്റുള്ള കുടുംബ വീട്ടിലാണ് പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
കേസിൽ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പരിശോധന.
കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഗൂഢാലോചനയും രേഖകൾ തയാറാക്കലുമുൾപ്പെടെ ഈ വീട്ടിൽ വച്ച് നടത്തിയെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലെത്തിയും തെളിവ് ശേഖരിക്കും. ബംഗളൂരുവിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും താനും സുഹൃത്ത് കൽപേഷുമടക്കം അഞ്ച് പേരുണ്ടായിരുന്നെന്നുമായിരുന്നു പോറ്റിയുടെ മൊഴി.
മറ്റ് മൂന്നു പേർ ആരൊക്കെയാണെന്ന വിവരം ലഭിച്ചിട്ടില്ല. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയോ അംഗങ്ങളുടേയോ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ. രണ്ടാഴ്ചത്തേക്കാണ് കോടതി പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.