/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് നേതാവും എം എൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിർബന്ധിത ഗർഭച്ഛിദ്രമുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം 53 ദിവസം പിന്നിടുമ്പോഴും പരാതി നൽകാൻ ആരും തയ്യാറാകാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി.
മുഖ്യമന്ത്രിയുടെ ഉറപ്പും പ്രത്യേക അന്വേഷണസംഘത്തിന്റെ രൂപീകരണവും ഉണ്ടായിട്ടും ആരോപണം ഉന്നയിച്ച യുവനടിയും ട്രാൻസ്‌ജെൻഡർ യുവതിയും ഉൾപ്പെടെയുള്ളവർ പരാതി നൽകാൻ വിസമ്മതിക്കുകയാണ്.
മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോയിലുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തിയിരുന്നു.
എന്നാൽ, മൂന്നുവട്ടം ഐ.പി.എസ്. ഉദ്യോഗസ്ഥ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇവർ പരാതി നൽകാൻ തയ്യാറായില്ല. പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ കേസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന ആശയക്കുഴപ്പത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പോലീസിനും ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതും.
18 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളെ ചൂഷണം ചെയ്‌തെന്നും ചിലരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
എന്നാൽ, ലഭിച്ച പരാതികളെല്ലാം മൂന്നാംകക്ഷികളുടേതാണ്. ബാലാവകാശ കമ്മീഷന് പരാതി നൽകിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ അന്വേഷണസംഘത്തിന് വിശദമായ മൊഴി നൽകിയെങ്കിലും, മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കപ്പുറം കേസിന് ബലം നൽകുന്ന ഒരു തെളിവും ഈ പരാതിക്കാർക്ക് നൽകാനായിട്ടില്ല.
പരാതി നൽകുന്നവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.