/sathyam/media/media_files/A8Sjzh9qDz6OsD3CIJ6m.jpg)
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ്. പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകേണ്ടെന്നാണ് എഐഎസ്എഫിന്റെ നിലപാട്.
ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തിൽ എഐഎസ്എഫ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു.
നേരത്തെ സിപിഐ ഇതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സിപിഐയുടെ വിദ്യാർത്ഥി സംഘമായ എഐഎസ്എഫും വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കേരളം കാലങ്ങളായി നേടിയെടുത്തിട്ടുള്ള ഒരു വിദ്യാഭ്യാസ സംസ്ക്കാരമുണ്ട് അതിൽ ഇടപെടാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്നാണ് എഐഎസ്എഫിന്റെ വാദം.
അതേസമയം, പിഎം ശ്രീയെ അനുകൂലിച്ച് ഡിവൈഎഫ്ഐ. വിദ്യാർഥികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് പറഞ്ഞു.
വിഷയത്തിൽ സിപിഐ എതിർപ്പിനെ കുറിച്ച് അറിയില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഡിവൈഎഫ്ഐ നിലപാടിൽ മാറ്റമില്ല.