തിരഞ്ഞെടുപ്പായതോടെ ആനുകൂല്യ പെരുമഴയുമായി സർക്കാർ. ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ 812 കോടി യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിച്ചു. 62ലക്ഷം പേർക്ക് 1600 രൂപ വീതം കൈയിലെത്തും. ക്ഷേമപെൻഷനായി 43,653 കോടി ചെലവിട്ടെന്ന് സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്കായി 214കോടിയും അനുവദിച്ചു. ഈ സാമ്പത്തികവർഷം നൽകിയത് 10,396 കോടി. കെ.എം.മാണിയുടെ അഭിമാനപദ്ധതിയായ കാരുണ്യയ്ക്കും 250 കോടി. 41.99 ലക്ഷം കുടുംബങ്ങൾക്ക് 5ലക്ഷത്തിന്റെ സൗജന്യ ചികിത്സ ഉറപ്പ്. പിണറായി സർക്കാർ കാരുണ്യയ്ക്ക് നൽകിയത് 4618കോടി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമും നിലവിലുണ്ട്‌.

New Update
social security pension-2

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകൾ പടിവാതിലിലെത്തി നിൽക്കേ, പെൻഷൻ അടക്കം ആനുകൂല്യങ്ങളുടെ കുടിശിക തീർക്കൽ യജ്ഞവുമായി സർക്കാർ.

Advertisment

 കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശികയും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ടുമെല്ലാം യു‌ദ്ധകാലാടിസ്ഥാനത്തിൽ അനുവദിച്ചു.

 ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങുമെന്നും ഇതിനായി 812 കോടി അനുവദിച്ചതായും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും.

മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.

 ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌.

 ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്.

ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

 പെൻഷൻ കുടിശികയായാൽ അത് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാവുമെന്നും സാധാരണക്കാരായ വോട്ടർമാരെ സ്വാധീനിക്കുമെന്നും വിലയിരുത്തിയാണ് സർക്കാരിന്റെ അടിയന്തര നടപടികൾ.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 214 കോടി രൂപ കൂടി അനുവദിച്ചതോടെ തിരഞ്ഞെടുപ്പിന് മുൻപ് അത്യാവശ്യ വികസന പ്രവർത്തനങ്ങളടക്കം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വഴിയയൊരുങ്ങി.

ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഏഴാം ഗഡുവാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 151 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 11.03 കോടി രൂപ നീക്കിവച്ചു.

 ജില്ലാ പഞ്ചായത്തുകൾക്ക്‌ 7.89 കോടി രൂപയുണ്ട്‌.

മുൻസിപ്പാലിറ്റികൾക്ക്‌ 25.83 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 18.25 കോടി രൂപയും അനുവദിച്ചു.

ഈ സാമ്പത്തിക വർഷം ഇതിനകം വിവിധ ഇനങ്ങളിലായി 10,396 കോടി രുപയാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്‌.

കെ.എം.മാണി ധനമന്ത്രിയായിരിക്കെ ആരംഭിച്ച ആരോഗ്യ മേഖലയിലെ വിപ്ലവകരമായ പദ്ധതിയായ കാരുണ്യയ്ക്ക് 250 കോടിയാണ് അനുവദിച്ചത്.

രണ്ടാം പിണറായി സർക്കാർ 4618 കോടിയോളം രൂപ കാരുണ്യയ്ക്ക് ലഭ്യമാക്കിയെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

ഒരു കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്‌.

സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌.

18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു.

ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ്‌ കേന്ദ്ര വിഹിതമുള്ളത്‌.  

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌.

ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന്‌ മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല.

അംഗത്വം നേടുന്നതിന്‌ ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്‌.

 197 സർക്കാർ ആശുപത്രികളും, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്.

സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും.

മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്.

 പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.

ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുന്‍പ് മുതലുള്ള ചികിത്സാ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും പദ്ധതിയിലൂടെ നൽകുന്നു.

 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമും നിലവിലുണ്ട്‌.

 കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും.

കാസ്‌പ്‌ ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ്‌ ആനുകൂല്യവുമുണ്ട്‌.

Advertisment