പി.എം ശ്രീയിൽ ഒപ്പിട്ടതോടെ തെളിയുന്നത് സിപിഎം-ബി.ജെ.പി രഹസ്യ ബന്ധം. മുഖ്യമന്ത്രി വിദേശത്തായിരിക്കെ അതീവരഹസ്യമായി നടത്തിയ ഓപ്പറേഷൻ സി.പി.ഐയെ പൊള്ളിച്ചു. മുന്നണി വിടുന്നതും മന്ത്രിമാരെ പിൻവലിക്കുന്നതുമടക്കം കടുത്ത തീരുമാനങ്ങൾ പരിഗണനയിൽ. വരുന്ന മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്കരിക്കും. സി.പി.എമ്മിന്റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി സി.പി.ഐ മുന്നണിവിട്ടാൽ കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ ഇടതുമുന്നണി പുകയുന്നു

എന്നാൽ അടുത്തുള്ള മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാർ വിട്ടുനിന്ന് പ്രതിഷേധിക്കാനാണ് സാദ്ധ്യത.

New Update
images (1280 x 960 px)(466)

തിരുവനന്തപുരം: മന്ത്രിസഭയിലടക്കം സി.പി.ഐ മന്ത്രിമാർ അതിശക്തമായി എതി‌പ്പുന്നയിച്ചിട്ടും പിഎം- ശ്രീ പദ്ധതിയിൽ ഒപ്പു വച്ചത് മുന്നണിയിലും സർക്കാരിലും പൊട്ടിത്തെറി സൃഷ്ടിക്കും.

Advertisment

പി.എം ശ്രീയിൽ നിന്ന് പിന്മാറില്ലെന്ന് സി.പി.എം പ്രഖ്യാപിക്കുകയും ഇടത് രാഷ്ട്രീയ വഴി ഇതല്ലെന്ന് സി.പി.ഐ നിലപാടെടുക്കുകയും ചെയ്തതോടെ മുന്നണി പിളരാനുള്ള സാദ്ധ്യത രാഷ്ട്രീയ നിരീക്ഷക‌ർ കാണുന്നുണ്ട്.


എന്നാൽ ഇപ്പോൾത്തന്നെ ദുർബലമായ പാർട്ടിയെ മുന്നണി വിടുന്നത് കൂടുതൽ ദുർബലമാക്കുമെന്ന വിലയിരുത്തലുമുണ്ട്. 


എന്നാൽ അടുത്തുള്ള മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാർ വിട്ടുനിന്ന് പ്രതിഷേധിക്കാനാണ് സാദ്ധ്യത.

ഇക്കാര്യത്തിൽ സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങളാവും നിർണായകമാവുക. സി.പി.എമ്മിന്റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി സി.പി.ഐ മുന്നണിവിട്ടാൽ കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറിയുണ്ടാവും. എന്നാൽ അതിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്ന് കണ്ടറിയണം.


തോമസ് ചാണ്ടിയുടെ രാജി, പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയ്ക്കുള്ള അനുമതി, ലോകായുക്ത നിയമഭേദഗതി, തൃശൂർ പൂരം കലക്കൽ, എഡിജിപി എം.ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകൽ അടക്കം വിവിധ വിഷയങ്ങളിൽ സി.പി.എമ്മുമായി സി.പി.ഐ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. 


തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി ശക്തമായ നിലപാടെടുത്തിട്ടും രാജി വേണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം.

എന്നാൽ സി.പി.ഐ മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തിയിട്ടും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു.

അത് വൻ വാർത്തയായതോടെ സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലായി. ചാണ്ടിയുടെ രാജി ആവശ്യപ്പെടുകയല്ലാതെ പിണറായിക്ക് മുന്നിൽ മറ്റുവഴികളില്ലാതായി.


എന്നാൽ മുൻപ് സി.പി.എമ്മുമായി ഏറ്റുമുട്ടിയതു പോലെയല്ല ഇത്തവണത്തെ സ്ഥിതി. ബി.ജെ.പിയുമായി കൈകോർക്കുന്നു എന്ന ആരോപണമാണ് പി.എം ശ്രീയിൽ ഒപ്പിട്ടതോടെ സി.പി.എം നേരിടുന്നത്. 


തിരഞ്ഞെടുപ്പിന് മുൻപുള്ള അന്തർധാരയാണെന്നും ആരോപണമുയരുന്നു. അതായത് സി.പി.ഐയ്ക്ക് മുന്നണി വിടുന്നതടക്കം തീരുമാനങ്ങളെടുക്കാനുള്ള അതിശക്തമായ രാഷ്ട്രീയ കാരണമാണിത്.

മന്ത്രിമാരെ പിൻവലിക്കൽ, മുന്നണി വിട്ടിറങ്ങൽ, മന്ത്രിസഭാ യോഗം ബഹിഷ്കരണം അടക്കം നിരവധി സാദ്ധ്യതകൾ സി.പി.ഐയ്ക്ക് മുന്നിലുണ്ട്.

എന്നാൽ ഇതിൽ ഏതാവും പാർട്ടി നേതൃത്വം സ്വീകരിക്കുകയെന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രി വിദേശത്തായിരിക്കെ പി.എം ശ്രീയിൽ ഒപ്പിട്ടതോടെ തെളിയുന്നത് സിപിഎം-ബി.ജെ.പി രഹസ്യ ബന്ധമാണ്.

സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയർത്തിയ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത്.


സി.പി.ഐ സംസ്ഥാന കൗൺസിൽ ചേർന്ന് നിലപാടിൽ ഉറച്ചു നിൽക്കാനും സി.പി.എം ധാർഷ്ട്യത്തിന് കീഴ്പ്പെടരുതെന്നും തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുകയായിരുന്നു. 


ഇതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.  പി.എം. ശ്രീയിൽ ഒപ്പിടുന്നത് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചെങ്കിലും സി.പി.ഐ മന്ത്രിമാരുടെ എതിർപ്പ് കാരണം മുഖ്യമന്ത്രി എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവച്ചു.

അടുത്ത മന്ത്രിസഭാ യോഗവും ഇടതു മുന്നണി യോഗവും ചേരുന്നതിന് മുൻപാണ് സർക്കാർ തന്ത്രപരമായി പി.എം. ശ്രീയിൽ ഒപ്പിട്ടത്.

മുന്നണി മര്യാദയുടെ ലംഘനമെന്ന് വിലയിരുത്തിയ സി.പി.ഐ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്യുകയാണ്.  


സമരരംഗത്തേക്ക് ഇറങ്ങാൻ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫും തീരുമാനിച്ചു. പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചതിൽ മുന്നണിയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ട്. 


മുന്നണി മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ നടന്നത് എന്നാണ് സിപിഐയുടെ പ്രതികരണം. ഫണ്ടിന് വേണ്ടി പദ്ധതിയിൽ ഒപ്പിട്ടത് ശരിയായില്ലെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കി.

പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കിയാല്  ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് പോകുമെന്ന് എ.ഐ.എസ്.എഫ് വ്യക്തമാക്കി.

സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.


ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും.  45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണ്. 


പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം.

സിപിഎം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  എന്തായാലും തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഇടതുമുന്നണി പുകയുകയാണ്.

Advertisment