/sathyam/media/media_files/2025/10/25/r_1761312371-2025-10-25-00-43-45.jpg)
തിരുവനന്തപുരം: കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും, തൊഴിൽ-നൈപുണ്യ വികസന മേഖലകളിൽ ജർമ്മനിയുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജർമ്മൻ പ്രതിനിധി സംഘവുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും കൂടിക്കാഴ്ച്ച നടത്തി.
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ (കെഎഎസ്ഇ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ജർമൻ കോൺസൽ ജനറൽ എകിം ബുർകാട്ടിന്റെ നേതൃത്വത്തിൽ 27 ജർമൻ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വ്യവസായ സൗഹൃദവും സമാധാനപരവുമായ സമൂഹവും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹവുമാണ് കേരളത്തിന്റെ പ്രധാന ശക്തി.
സാങ്കേതികവിദ്യയിലും അച്ചടക്കത്തിലും ലോകമെങ്ങും അറിയപ്പെടുന്ന രാജ്യമാണ് ജർമ്മനി. മറുവശത്ത്, വിദ്യാസമ്പന്നരും കഴിവുറ്റവരുമായ യുവതലമുറയാണ് കേരളത്തിന്റെ മുതൽക്കൂട്ട്.
നിലവിൽ ജർമ്മനി നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ കേരളത്തിന് കഴിയും. സംസ്ഥാനത്തെ ആയിരക്കണക്കിന് ഐ.ടി.ഐ., പോളിടെക്‌നിക് ബിരുദധാരികൾ മികച്ച പരിശീലനം നേടിയവരും തൊഴിലിന് സജ്ജരുമാണ്.
ഇവർക്ക് കൃത്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഓറിയന്റേഷനും നൽകിയാൽ ജർമ്മൻ തൊഴിലാളി മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കേരളത്തിലെ തൊഴിൽ, നൈപുണ്യ വകുപ്പ് കെഎഎസ്ഇ വഴി ജർമ്മൻ ഭാഷാ പരിശീലനം നിലവാരമുള്ളതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എസ്.ഡി. എന്നിവയുമായി സഹകരിച്ച് ശക്തമായ ഭാഷാ പരിശീലന സംവിധാനം ഒരുക്കുകയാണ്.
ടിഇഎൽസി, ഇസിഎൽ തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫയിംഗ് ഏജൻസികളും ഈ സംരംഭത്തിൽ പങ്കുചേരും.
ഇത് ജർമ്മനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഭാഷാ പരിശീലനം ഉറപ്പാക്കും.
കേരളത്തിന്റെ വ്യാവസായിക, സാമൂഹിക ശക്തി മനസിലാക്കി നിക്ഷേപം കൊണ്ടുവരണമെന്നും, ജർമ്മനിയിൽ കേരളത്തിലെ യുവജനങ്ങൾക്കായി തൊഴിലവസരങ്ങൾ ഒരുക്കണമെന്നും ജർമ്മൻ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.
കേരളവും ജർമ്മനിയുമായുള്ള ബന്ധം വളരെ ശക്തമാണെന്നും പരസ്പരമുള്ള സഹകരണവും നിക്ഷേപവും കൂടുതൽ മികച്ചതാക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജർമ്മനിക്ക് കേരളവുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. സന്ദർശനത്തിലൂടെ ബന്ധം കൂടുതൽ ദൃഢമാകണം. കേരളത്തിൽ ദീർഘകാലമായി സർക്കാർ തലത്തിൽ ജർമ്മൻ ഭാഷാ പഠന വകുപ്പ് പ്രവർത്തിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമായി ആരോഗ്യമേഖലയിലുൾപ്പെടെ നിരവധി മലയാളികൾ ജർമ്മനിയിൽ സ്ഥിരതാമസമാക്കുകയും അടുത്ത തലമുറ അവിടെ വളരുകയും ചെയ്യുന്നു.
ജർമ്മൻ സാങ്കേതികവിദ്യക്കും ഉപകരണങ്ങൾക്കും വലിയ സ്വീകാര്യതയും ബഹുമാനവുമാണ് കേരളത്തിലുള്ളത്. ജർമ്മൻ സ്ഥാപനങ്ങൾ കേരളത്തിൽ കൂടുതലായി നിക്ഷേപം നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ഇലക്ട്രോണിക്‌സ് ആൻഡ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ വിഷ്ണുരാജ്, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് മാനേജിങ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us