പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദ​ഗ്ധമായി പറ്റിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണെന്ന് വി ഡി സതീശൻ

ഇടതുമുന്നണിയിൽ സിപിഐയേക്കാൾ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞിരിക്കുന്നു. ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. 

New Update
satheesan

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

Advertisment

കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദ​ഗ്ധമായി പറ്റിച്ചുവെന്നും പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചോദിച്ചു.


'മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണെന്ന് സിപിഐ ഇനിയെങ്കിലും മനസിലാക്കണം. 


ഇടതുമുന്നണിയിൽ സിപിഐയേക്കാൾ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞിരിക്കുന്നു. ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. 

സഹികെട്ടാണ് അതേ ചോദ്യം സിപിഐക്ക് ചോദിക്കേണ്ടിവന്നത്'. അതിന് ഹ...ഹ...ഹ...എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.


പിഎം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കമിട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറയണം. 


 സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദമാണ് ഉണ്ടായതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment