/sathyam/media/media_files/2025/10/31/1001369829-2025-10-31-11-19-00.jpg)
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കിലോക്കണക്കിന് സ്വർണം കൊള്ളയടിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്.
അന്വേഷണം ബോർഡിലേക്ക് എത്തിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെയാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്.
2019മുതൽ ഇതുവരെയുള്ള ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ എന്നിവരുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം.
ഇപ്പോഴത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ പ്രസിഡന്റ് എ. പദ്മകുമാർ എന്നിവർ അന്വേഷണ പരിധിയിലുണ്ട്.
ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരും. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിലവിലെ ബോർഡ് അംഗവുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതരുടേയും പങ്ക് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
2019ലെ സ്വർണക്കൊള്ള മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണോ 2025ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതെന്നും ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കാനായിരുന്നു നിർദ്ദേശം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക് പിടിച്ചെടുക്കാനും എസ്ഐടിക്ക് കോടതി നിർദേശം നൽകിയിരുന്നു.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരിൽ നിന്ന് ബോർഡിന്റെ പങ്കിനെക്കുറിച്ച് എസ്.ഐ.ടിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കൊള്ള കേസിൽ ബോർഡിനെ പ്രതിയാക്കിയിട്ടുണ്ട്.
ആദ്യ കേസിൽ 14ദിവസത്തെ കസ്റ്റഡി കഴിഞ്ഞ് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ബോർഡംഗങ്ങൾക്ക് സ്വർണക്കൊള്ളയിലെ പങ്ക് കണ്ടെത്തുകയാവും എസ്.ഐ.ടിയുടെ ദൗത്യം. ബോർഡ് യോഗങ്ങളുടെ മിനുട്ട്സ് അടക്കം എസ്.ഐ.ടി പരിശോധിക്കുകയാണ്.
മുരാരി ബാബുവിനെ എസ്.ഐ.ടി ചോദ്യം ചെയ്യുകയാണ്. പോറ്റിക്ക് അനുകൂലമായ നിലപാട് ബോർഡ് സ്വീകരിച്ചതിനുള്ള തെളിവുകളും കണ്ടെത്തണം.
2019ന് സമാനമായി 2025ലും പോറ്റിയെത്തന്നെ സ്വർണം പൂശാൻ ചുമതലപ്പെടുത്തിയതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേക്കുറിച്ചും അന്വേഷിക്കണമെന്ന നിർദ്ദേശമുള്ളതിനാലാണ് നിലവിലെ ബോർഡിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
2019 മുതൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ വിട്ടുകൊടുത്തതു മുതലുള്ള എല്ലാ കാര്യങ്ങളിലേയും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകിയിരുന്നു.
സ്വര്‍ണം പൂശുന്നത് ഉൾപ്പെടെയുള്ള ജോലികൾ സന്നിധാനത്തു തന്നെ നടത്തണം എന്നു നിയമമുണ്ടായിരിക്കെ, വളരെ സംശയാസ്പദമായ പശ്ചാത്തലമുള്ള ഒരു വ്യക്തിയുടെ പക്കൽ ദ്വാരപാലക, കട്ടിളപ്പടികളിലെ സ്വർണപ്പാളികൾ വിട്ടുകൊടുത്തത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
സ്വർണപ്പാളികൾ കൊടുക്കുന്ന സമയത്ത് ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തുക മാത്രമല്ല, അതേ വ്യക്തിയെ തന്നെ വീണ്ടും ഈ വസ്തുവകകൾ ഏൽപ്പിക്കുകയും ചെയ്തു.2021ൽ പീഠം തിരികെ കൊണ്ടുവന്നപ്പോൾ അവ തിരുവാഭരണം റജിസ്റ്ററിൽ ഉൾപ്പെടെ രേഖപ്പെടുത്താത്തത് യാദൃശ്ചികം എന്നു കരുതാനാവില്ല.
ദ്വാരപാലക ശിൽപ്പങ്ങളിലെയും പീഠങ്ങളിലേയും സ്വർണം പൂശിയത് മങ്ങിയതായി കണ്ടിട്ടും അത് വീണ്ടും സ്വർണം പൂശുന്നത് കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിച്ചു- ഇതെല്ലാം ബോർഡിന്റെ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളാണ്.
അതിനിടെ, സ്വർണപ്പാളി ഇടപാടിലെ മുഴുവൻ രേഖകളും ഉടൻ നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡിനെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് ഇനി കിട്ടാനുള്ളത്. മരാമത്ത് വകുപ്പിന്റെ രേഖകളും കിട്ടാനുണ്ട്.
രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി വ്യക്തമാക്കി.
രേഖകൾ വിട്ടുനൽകാത്തത് മറയ്ക്കാൻ എന്തൊക്കെയോ ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 30.291 കിലോഗ്രാം സ്വർണം ഉപയോഗിച്ച് പാളികള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇത് നടന്നത്1998–1999ലാണ്.
ഇതിന്റെ രേഖകളാണ് അന്വേഷണ സംഘത്തിന് കിട്ടാത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us