ബാങ്ക് പൂട്ടിക്കുമോ ബി.ജെ.പിക്കാർ. ലോൺ എടുത്തിട്ട് ബി.ജെ.പി നേതാക്കൾ തിരിച്ചടയ്ക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാർ. തുറന്നടിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റിൽ. കൗൺസിലർ അനിൽകുമാറിൻ്റെ മരണം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും എം.എസ് കുമാർ

നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുകയാണ് ഈ ഘട്ടത്തിൽ സഹായിക്കേണ്ടവർ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

New Update
bjp

തിരുവനന്തപുരം : സഹകരണ സ്ഥാപനത്തിൽ നിന്നും ബിജെപി നേതാക്കളും പ്രവർത്തകരും എടുത്ത ലോൺ മനപ്പൂർവമായി തിരിച്ചടയ്ക്കുന്നില്ല എന്ന പരാതിയുമായി ബിജെപി നേതാവ് എം എസ് കുമാർ.

Advertisment

തൻറെ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ആണ് കുമാർ തുറന്നടിക്കുന്നത്.

അദ്ദേഹം പ്രസിഡണ്ട് ആയ തിരുവിതാംകൂർ സഹകരണ സംഘത്തിൽ എന്നും ലോണെടുത്തവരിൽ ഭൂരിഭാഗവും ബിജെപി നേതാക്കൾ ആണെന്നും അവർ മനപ്പൂർവ്വം തിരിച്ചടവ് മുടക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. മുമ്പ് തലസ്ഥാനത്ത് മരണപ്പെട്ട അനിലിന്റെ മാനസിക സംഘർഷവും പോസ്റ്റിൽ വിവരിക്കുന്നുണ്ട്. 

അനിലിനെ കാശ് കൊടുത്തു സഹായിക്കണ്ടായിരുന്നുവെന്നും, എന്നാൽ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.

അതും ചെയ്തില്ലെന്നും മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും പോസ്റ്റിൽ വിമർശനമുയർത്തുന്നു.

വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ താൻ ഇടുന്നത്. താൻ കൂടി ഉൾപ്പെട്ട സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും തൻ്റെ പാർട്ടിക്കാരാണ്.

തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ )ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ പിയുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം ഫേസ് ബുക്കിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്. 

അടുത്ത പോസ്റ്റ്‌ ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകുമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത താൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക.

 നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണെന്നും പോസ്റ്റിൽ പറയുന്നു.

കുമാർ കൂടി അംഗമായ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാധ്യമങ്ങളിൽ കൊടുത്തതും അതിന്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി.

നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുകയാണ് ഈ ഘട്ടത്തിൽ സഹായിക്കേണ്ടവർ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പടിവതിൽക്കൽ എത്തി നിൽക്കേ എം എസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപിക്കുള്ളിൽ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നതിൽ തർക്കമില്ല.

Advertisment