/sathyam/media/media_files/2025/11/01/132879-2025-11-01-18-42-11.webp)
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പദ്ധതിയിലൂടെ കേരളത്തിന് പുതിയൊരു ഉദയം സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളപ്പിറവി ദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടിന്റെ ദുരവസ്ഥയെ ചെറുത്തുതോൽപിച്ചുകൊണ്ട് എല്ലാവരും ഒരേ മനസ്സോടെ സഹകരിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി.
'നിർഭാ​ഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കാനിടയായി. സർക്കാരിന്റെ കണക്കുകളിൽ നിന്ന് ഒരു കുടുംബം മാത്രം ബാക്കിയായി. തികച്ചും സാങ്കേതിക പ്രശ്നമായിരുന്നു അത്.
അവസാനമായി കഴിഞ്ഞ മന്ത്രിസഭാ യോ​ഗത്തിൽ അതും പരിഹരിച്ചു. ഇതോടെ 64006 കുടുംബങ്ങളും അതിദാരിദ്ര്യ മുക്തമായി.' ഇതൊരു തട്ടിപ്പല്ല, യാഥാർഥ്യമാണെന്ന് ഉൾക്കൊള്ളാൻ വേണ്ടിയാണ് കണക്കുകൾ നിരത്തി ഇതെല്ലാം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിലൂടെ അസാധ്യം എന്നൊന്നില്ല എന്ന് തെളിയിക്കാനായി. ഇത്തരം പരിപാടികൾ യാഥാർഥ്യമാക്കുന്നതിലൂടെ ഇടതുപക്ഷം വാ​ഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം നടപ്പിലാക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ചാരിതാർഥ്യമുണ്ട്.
സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച അവസ്ഥയിൽ നിന്നാണ് ഇന്ന് കാണുന്ന പ്രബു​ദ്ധ കേരളം എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തികസമത്വം എന്ന അടിസ്ഥാന അവകാശത്തിന്റെ പ്രായോ​ഗികമായ സാക്ഷാത്ക്കാരമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആരുടെയും ഔദാര്യമല്ല, മറിച്ച് പാവപ്പെട്ടവൻറെ അവകാശമാണ്. കേരളപ്പിറവി ദിനത്തിൽ ഉറപ്പ് പാലിക്കാനായതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തിൽ ഇതുവരെ ഉണ്ടായിരുന്നത് ഒരു തെരഞ്ഞെടുപ്പിൽ ഒരു മുന്നണി അധികാരത്തിൽ വന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ അടുത്ത മുന്നണി അധികാരത്തിൽ വരുന്ന രീതിയായിരുന്നു.
ഞങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പറഞ്ഞവർ വരെയുണ്ട്. എന്നാൽ ജനം ഇപ്പോൾ പറയുന്നത് എൽഡിഎഫ് തുടരട്ടെ എന്നാണ്. ഇല്ലെങ്കിൽ അതും പകുതി വെച്ച് അവസാനിച്ചേനെ.' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us