/sathyam/media/media_files/2025/11/04/1001381237-2025-11-04-14-08-08.jpg)
തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പ് ്രപഖ്യാപിക്കും മുമ്പ് തന്നെ തലസ്ഥാനത്തെ രാഷ്ട്രീയ താപനില ഉയർത്തി മുന്നണികൾ.
മേയർ സ്ഥാനാർത്ഥിയായി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനെന്ന തുറുപ്പ് ചീട്ട് കോൺഗ്രസ് ഇറക്കിയതോടെയാണ് മൂന്നു മുന്നണികളുടെയും പേരിന് ആക്കം കൂടിയത്.
ആകെ 101 സീറ്റുള്ള തലസ്ഥാന കോർപ്പറേഷനിൽ ഭൂരിപക്ഷത്തിന് 51 സീറ്റ് വേണമെങ്കിലും നിലവിലെ സാഹചര്യത്തിൽ 40 സീറ്റിനു മുകളിൽ വരുന്നവർക്ക് ഭരിക്കാമെന്നതാണ് അവസ്ഥ.
തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്നേ സംസ്ഥാനത്തുതന്നെ ആദ്യമായി സ്ഥാനാർഥിനിർണയവും പ്രചാരണവും തുടങ്ങി യുഡിഎഫ് രണ്ട് മുന്നണികളെയും ഞെട്ടിച്ചു.
മേയർ സ്ഥാനാർഥിയായി യുവ നേതാവായ കെ.എസ്.ശബരീനാ ഥനെക്കൂടി മത്സരത്തിനിറക്കിയതോടെ യുഡിഎഫ് ശക്തമായ പോരാട്ടത്തിനിറങ്ങുകയാണെന്ന പ്രതീതിയും വന്നു.
അതികായനായ കെ.മുരളീധരനെ തന്നെ കോർപ്പറേഷനിൽ ഭരണം പിടിച്ചെടുക്കാനുള്ള ചുമതല കോൺഗ്രസ് നൽകിയിരിക്കുകയാണ്. 101 വാർഡിലും ആദ്യ പ്രചാരണത്തിന് മുരളീധരൻ നേരിട്ടിറങ്ങിക്കഴിഞ്ഞു.
മറ്റ് രണ്ട് മുന്നണികളും ജാഗരൂകരാണ്. കോർപ്പറേഷൻ എന്ത് വിലകൊടുത്തും നിലനിർത്തുക എന്നത് എൽഡിഎഫിന്റെ അഭിമാനപ്രശ്നമായും മാറിയിട്ടുണ്ട്.
തലസ്ഥാനത്ത് പിഴച്ചാൽ തുടർഭരണമെന്ന മുദ്രാവാക്യത്തിന് വിശ്വാസ്യതയില്ലാതാവും.
അതുകൊണ്ട് തന്നെ വാർഡ് വിഭജനം മുതൽതന്നെ ഇതിനുള്ള കരുക്കൾ സിപിഎം നീക്കിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കുക എന്നത് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ മുഖ്യ അജൻഡയാണ്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇതിന് നേരിട്ട് നേതൃത്വം നൽകുന്നത്.
എന്നാൽ, ഇതുവരെ ഇരു മുന്നണികളും പ്രതീക്ഷിക്കാത്ത ഇടപെടലുമായി യുഡിഎഫ് എത്തിയതോടെ തലസ്ഥാനം അടുത്ത് ആര് ഭരിക്കുമെന്നത് അക്ഷരാർഥത്തിൽ പ്രവചനാതീതമായി.
ശക്തമായ ത്രികോണമത്സരം നടന്നാൽ 40 എന്ന മാന്ത്രിക സംഖ്യയാവും മേയറെയും ഭരണ കക്ഷിയെയും തീരുമാനിക്കുക.
വി.കെ.പ്രശാന്ത് മേയറായിരുന്നപ്പോൾ 43 സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. എൽഡിഎഫിനും ബിജെപിക്കും വ്യക്തമായ ശക്തികേന്ദ്രങ്ങളുള്ളപ്പോൾ എല്ലായിടത്തും ഒരുപോലെ വേരുകളുള്ളതാണ് യുഡിഎഫിന്റെ ശക്തി. ഇത് പരമാവധി മുതലാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
ഈ ഇടപെടലുകൾക്കു പിന്നിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുകയും ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യംകൂടിയുണ്ട്.
പത്ത് വാർഡുകളിലാണ് കഴിഞ്ഞതവണ യുഡിഎഫ് ജയിച്ചത്.
പാർട്ടി സംവിധാനത്തേക്കാൾ മുൻപരിചയമുണ്ടായിരുന്നതും വ്യക്തിബന്ധങ്ങളുമാണ് വിജയികൾക്ക് സഹായകമായത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് തുടർച്ചയായി തകരുകയായിരുന്നു. ശക്തികേന്ദ്രമായ തീരദേശ വാർഡുകൾ കഴിഞ്ഞതവണ പൂർണമായും കൈവിട്ടു.
രണ്ടിടത്തുമാത്രമാണ് വിജയിക്കാനായത്. 2010-ൽ 42 വാർഡുകളിൽ ജയിച്ച് മുഖ്യ പ്രതിപക്ഷമായിരുന്ന യുഡിഎഫ് 2020-ൽ 10 എന്ന അതിദയനീയമായ സ്ഥിതിയിലേക്കു കൂപ്പുകുത്തി.
മുഖ്യ പ്രതിപക്ഷസ്ഥാനവും നഷ്ടമായി. 30 വർഷത്തിനു മുമ്പ് സിഎംപി നേതാവായിരുന്ന എം.പി.പദ്മനാഭനായിരുന്നു യുഡിഎഫിൽനിന്ന് അവസാനമായി മേയറായത്.
പിന്നീട് തുടർച്ചയായി എൽഡിഎഫിനായിരുന്നു ഭരണം.
പക്ഷേ, മിക്കപ്പോഴും മുഖ്യ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടായിരുന്നു.
പത്തിൽനിന്നു കുറഞ്ഞത് നാൽപ്പതിലേക്കെങ്കിലും എത്തുക എന്നത് ചെറിയ വെല്ലുവിളിയല്ലെന്ന് നേതാക്കൾക്കും അറിയാം.
പക്ഷേ, ആദ്യപടിയിൽ അണികളുടെ ആവേശം ഉയർത്താനും ജനങ്ങൾക്കിടയിൽ വിജയത്തിനുവേണ്ടിത്തന്നെയാണ് മത്സരിക്കുന്നതെന്നുമുള്ള സന്ദേശം നൽകാനും കോൺഗ്രസിനായി.
സ്ഥാനാർഥിപ്പട്ടികയും എതിർ മുന്നണികളെ പലയിടത്തും ആശങ്കയിലാക്കിയിട്ടുണ്ട്.
പേട്ട, ഉള്ളൂർ, കുന്നുകുഴിപോലെ സിപിഎം പ്രധാന നേതാക്കളെ മത്സരിപ്പിക്കാൻ ആലോചിച്ച വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥികൾ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.
യുവനേതാക്കളെ ഇറക്കിയുള്ള പരീക്ഷണങ്ങളും മറ്റ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളുടെ നോമിനികളെ നിർത്തി പരാജയപ്പെടുന്ന സ്ഥിരം രീതിയിൽനിന്നു മാറി വാർഡുതലത്തിൽനിന്നു പട്ടിക വാങ്ങിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മിക്ക വാർഡുകളിൽനിന്നും വിജയസാധ്യതനോക്കി ഒരു പേരുമാത്രമാണ് ആവശ്യപ്പെട്ടിരുന്നതും. കോൺഗ്രസിനൊപ്പം ഘടകകക്ഷികളും സ്ഥനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
നിലവിൽ പകുതിയിലേറെ വാർഡുകളിലെ സ്ഥാനാർത്ഥികളെ രപഖ്യാപിച്ചിട്ടും കോൺഗ്രസിനുള്ളിൽ നിന്നും വിമതശബ്ദം ഉയർന്നിട്ടില്ലെന്നതും യു.ഡി.എഫിന്റെ വിജയസാധ്യതകൾ വർധിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us