/sathyam/media/media_files/2025/11/05/untitled-2025-11-05-14-17-33.jpg)
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ കട്ടിളയിലെയും സ്വർണം കവർന്നത് കണ്ടെത്തിയതിന് പിന്നാലെ ശ്രീകോവിലിന്റെ മുഖ്യവാതിൽ സ്വർണം പൂശിയതിലും ഹൈക്കോടതി തട്ടിപ്പ് കണ്ടെത്തിയതോടെ സ്വർണക്കൊള്ളയുടെ വ്യാപ്തി വൻതോതിലാവുമെന്ന് ഉറപ്പായി.
ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകൾക്കെല്ലാം ദേവസ്വം ബോർഡിന്റെ പിന്തുണയും ഒത്താശയുമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയതോടെ മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമടക്കം അറസ്റ്റിന്റെ നിഴലിലാണ്. ശാസ്ത്രീയ പരിശോധനയിലൂടെ എത്ര സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തുന്നതോടെ കേരളം ഞെട്ടുമെന്ന് ഉറപ്പാണ്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാൽ സർക്കാരിന് യാതൊരു സമ്മർദ്ദവും ചെലുത്താൻ സാധിക്കില്ല.
10 ദിവസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ദേവസ്വം കമ്മീഷണറും പിന്നീട് ബോർഡ് പ്രസിഡന്റുമായ എൻ.വാസുവിനെ മൂന്നാം പ്രതിയാക്കിയതോടെ അന്നത്തെ ബോർഡ് പ്രസിഡന്റും അംഗങ്ങളുമെല്ലാം കുടുങ്ങുമെന്ന് ഉറപ്പായി.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാർച്ച് 19ന് അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശുപാർശയിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് ബോർഡ് പ്രസിഡന്റായ എൻ.വാസുവായിരുന്നു 2019 മാർച്ച് 31 വരെ ദേവസ്വം കമ്മിഷണർ.
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാർ പ്രസിഡന്റായ അന്നത്തെ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് കട്ടിളപ്പാളി പുറത്തു കൊണ്ടുപോയതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന.
ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിളയിൽ നിന്ന് സ്വർണം മോഷ്ടിച്ചതിനെടുത്ത രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ കേസിലാണ് എൻ.വാസുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തത്. അറസ്റ്റിലായ സുധീഷ് കുമാർ ശബരിമല എക്സിക്യുട്ടീവ് ഓഫീസറും പിന്നീട് വാസുവിന്റെ പി.എയുമായി പ്രവർത്തിച്ചിരുന്നു.
സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണ്ണം വിൽപ്പന നടത്തിയതിലും ബോർഡിൽ ആർക്കൊക്കെ ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നതും അടക്കമുള്ള കാര്യങ്ങൾ എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് സൂചന.
കട്ടിളയിലെ സ്വർണ മോഷണക്കേസിൽ എട്ടാം പ്രതിയായി മുൻ ദേവസ്വം ബോർഡിനെ ഉൾപ്പെടുത്തിയിരുന്നു. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു.
സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇതിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചു. ഈ കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
വാസു അറസ്റ്റിലായാൽ കേസിൽ വഴിത്തിരിവുണ്ടാവും. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വർണക്കൊള്ള നടന്നു മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റും ആയ എൻ.വാസുവിനു ദേവസ്വംബോർഡിൽ മറ്റാരേക്കാൾ സ്വാധീനമുണ്ട്.
വാസുവിന്റെ ഇടപാടുകൾ പുറത്തു വന്നാൽ അതു കൂടുതൽ ബാധിക്കുക സംസ്ഥാന സർക്കാരിനെയാകും. യുവതിപ്രവേശമടക്കമുള്ള സംഭവങ്ങൾ വാസു കമ്മിഷണറായിരുന്ന സമയത്താണുണ്ടായത്.
കമ്മിഷണർ സ്ഥാനത്തു നിന്നു പടിയിറങ്ങി 7 മാസത്തിനുള്ളിൽ ദേവസ്വംബോർഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തി.
വാസു ദേവസ്വം പ്രസിഡന്റായപ്പോൾ സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാറിനെ പഴ്സനൽ അസിസ്റ്റന്റ് ആക്കിയതും സംശയനിഴലിലാണ്.
വാസു പിടിയിലായാൽ എസ്.ഐ.ടി അടുത്തതായി നീങ്ങുക ബോർഡ് മുൻ പ്രസിഡന്റായിരുന്ന പദ്മകുമാറിലേക്കായിരിക്കും.
പദ്മകുമാറും സി.പി.എം നേതൃത്വവുമായി അകൽച്ചയിലാണ്. പദ്മകുമാറിനെ ചോദ്യം ചെയ്താൽ സ്വർണക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധം വെളിപ്പെടുമെന്നാണ് എസ്.ഐ.ടി കരുതുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേ, സ്വർണക്കൊള്ളയിൽ രാഷ്ട്രീയ ബന്ധം പുറത്തുവരുന്നത് സർക്കാരിനും ഇടതുമുന്നണിക്കും തിരിച്ചടിയാവും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ ആയുധമായി ശബരിമലയിലെ സ്വർണക്കൊള്ള മാറുമെന്നും ഉറപ്പാണ്.
എന്നാൽ ഹൈക്കോടതിയുടെ നിരീക്ഷണമുള്ളതിനാൽ അന്വേഷണം വൈകിപ്പിക്കാനും തടയിടാനും സർക്കാരിന് കഴിയുന്നതുമില്ല.
അതേസമയം, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് എൻ.വാസുവിന്റെ മൊഴി. സ്വർണം പൂശിയതിന്റെ ബാക്കി സ്വർണം ഉപയോഗിച്ച് നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് 2019 ഡിസംബർ ഒൻപതിന് ഇ-മെയിൽ അയച്ചിരുന്നു.
എ. പദ്മകുമാറാണ് അന്ന് പ്രസിഡന്റെന്നാണ് പലരും വിചാരിച്ചത്. എന്നാൽ, വാസുവായിരുന്നു പ്രസിഡന്റ് എന്ന് വെളിവായതോടെ മാധ്യമങ്ങൾ അദ്ദേഹത്തിൽനിന്ന് അഭിപ്രായം തേടി.
പാളികൾ അഴിച്ചുകൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കുമില്ലെന്നുമായിരുന്നു ആദ്യപ്രതികരണം. എന്നാൽ, പ്രശ്നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി.
2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണൻ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വർണം ബാക്കിവന്നതിന് ദേവസ്വം ബോർഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു.
ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്. ശബരിമലയുടെപേരിൽ പിരിവുനടത്തി ഉണ്ടാക്കിയ സ്വർണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്കുറപ്പിക്കുന്നതാണെന്ന് എസ്.ഐ.ടി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us