ഡൽഹിയിൽ പിണറായിയുടെ ദി ഹിന്ദു വിവാദ അഭിമുഖത്തിന് ചുക്കാൻ പിടിച്ചു. വി.എസ് പക്ഷത്തെ കരുത്തനായിരുന്ന ശേഷം പിണറായിയുടെ കണ്ണിലുണ്ണിയായി. സംസ്ഥാന സമ്മേളനത്തിന് പ്രതിനിധി ആക്കാതിരുന്നപ്പോൾ ഇടപെട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് പിണറായി. സ്വർണക്കടത്തിൽ അൻവറിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ പരിചയായി. ടി.കെ. ദേവകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവുന്നത് വെറുതേയല്ല. പ്രശാന്തിന് തിരിച്ചടിയായത് ഹൈക്കോടതി കടുപ്പിച്ചത്

ആലപ്പുഴയിൽ വി.എസ് പക്ഷത്തെ വിശ്വസ്തനായ നേതാവായിരുന്നു ടി.കെ ദേവകുമാർ.

New Update
pinarayi vijayan 777

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിലവിലെ ബോർഡിന്റെയടക്കം പങ്ക് വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ ഗത്യന്തരമില്ലാതെയാണ് ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറിയത്.

Advertisment

ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും അംഗം അജികുമാറിന്റെയും കാലാവധി നീട്ടാനായിരുന്നു നീക്കം.

ഇതിനായി ഓർഡിനൻസ് ഇറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് ഹൈക്കോടതി അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.

മാത്രമല്ല, സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബോർഡ് അംഗം അജികുമാറിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു.

അതോടെ കാലാവധി നീട്ടുന്നതിന് സി.പി.ഐ എതിരായി. സി.പി.ഐ തങ്ങളുടെ പ്രതിനിധിയായി സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ നിശ്ചയിച്ചു. ഇതോടെ കാലാവധി നീട്ടൽ ഓർഡിനൻസിൽ നിന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു.

പ്രശാന്തിന് പകരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവുന്ന ഹരിപ്പാട് മുൻ എം.എൽ.എ ടി.കെ ദേവകുമാർ ആലപ്പുഴയിലെ ശക്തനായ സി.പി.എം നേതാവാണ്.

ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ദേവകുമാറിന്റെ പേര് അടുത്തിടെ ദി ഹിന്ദു ദിനപ്പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദത്തിലാണ് ചർച്ചയായത്. 

പി.ആർ. അഭിമുഖത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച ടി.ഡി. സുബ്രമണ്യന്റെ പിതാവ് സി.പി.എം. മുൻ എം.എൽ.എ ടി.കെ.ദേവകുമാർ ആയിരുന്നു.

 ദേവകുമാറിന്റെ മകൻ വിളിച്ചതു കൊണ്ടാണ് താൻ അഭിമുഖത്തിന് തയ്യാറായതെന്ന് പിണറായി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

സ്വർണക്കടത്തിൽ പി.വി അൻവർ പോലീസിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും ഉന്നമിട്ടപ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു അഭിമുഖത്തിന്റെ ലക്ഷ്യം. 

എഡിജിപി അജിത്കുമാറിനെതിരേ അടക്കം അൻവർ ആരോപണമുന്നയിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് സ്വർണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള കണക്കുകൾ പോലീസ് പുറത്തു വിട്ടത്.

പിന്നാലെ പോലീസ് പിടികൂടിയ സ്വർണ്ണക്കടത്തു കേസും കണക്കുകളും ഔദ്യോഗികമായും അല്ലാതെയും പുറത്തു വന്നു. സ്വർണക്കടത്ത്-ഹവാല കേസുകളുടെ വിവരങ്ങൾ പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവില്ല.

എന്നാൽ അഞ്ചു വർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച പി.ആർ. ഏജൻസി തന്നെയാണ് ഈ പ്രചാരണത്തിനും പിന്നിലുണ്ടായിരുന്നത്.

സ്വർണക്കടത്തും ഹവാലയും പോലീസ് പിടിച്ചതിന്റെ വാർത്ത ദേവകുമാറും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

ആലപ്പുഴയിൽ വി.എസ് പക്ഷത്തെ വിശ്വസ്തനായ നേതാവായിരുന്നു ടി.കെ ദേവകുമാർ.

പിന്നീട് പിണറായി പക്ഷത്തേക്ക് ചാഞ്ഞു. 2022ൽ അദ്ദേഹത്തെ കയർഫെഡ് പ്രസിഡന്റാക്കി. സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന ഭാരവാഹിയും കാർത്തികപ്പള്ളി കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റുമാണ്.

 1999-2001ൽ കയർഫെഡ് പ്രസിഡന്റായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്‌ കയർ കോർപ്പറേഷൻ ചെയർമാനായിരുന്നു. കഴിഞ്ഞ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സമ്മേളനപ്രതിനിധികളുടെ പട്ടികയിൽ ദേവകുമാറിനെ ആദ്യം ഒഴിവാക്കിയിരുന്നു.

 പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ദേവകുമാറിനെ സംസ്ഥാന സമ്മേളനപ്രതിനിധിയാക്കിയത്

Advertisment