അഴിമതിയിൽ മുങ്ങി റവന്യൂ വകുപ്പിന്റെ ഭൂമി തരംമാറ്റൽ പദ്ധതി. കളക്ടർ തടഞ്ഞിട്ടും നെൽവയൽ തരംമാറ്റി ആർ.ഡി.ഒ ഉത്തരവിറക്കി. കൃഷി ഓഫീസറുടെ റിപ്പോർട്ടില്ലാതെ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കരഭൂമിയാക്കി മാറ്റിയത് ആർ.ഡി.ഒ. എല്ലാ അപേക്ഷകളിലെയും ഫോൺ നമ്പർ ഏജന്റുമാരുടേത്. മൂവാറ്റുപുഴ ആ‌ർ.ഡി.ഒയിലെ ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേയിൽ ഏജന്റിന്റെ 4.59ലക്ഷം. ഉന്നത ഉദ്യോഗസ്ഥന് കിട്ടിയത് 11.69ലക്ഷം. ഭൂമി തരംമാറ്റലിന്റെ മറവിൽ കോടികളുടെ കൈക്കൂലി

27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ദശലക്ഷക്കണക്കിന് രൂപയുടെ കോഴയിടപാടുകളാണ് വിജിലൻസ് കണ്ടെത്തിയത്.

New Update
kerala gov

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ ഒന്നാം നമ്പർ ഭരണനേട്ടമായി വിലയിരുത്തപ്പെട്ടിരുന്ന ഭൂമി തരംമാറ്റം എളുപ്പത്തിലാക്കൽ നടപടികളിൽ അടിമുടി അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ 'ഹരിത കവചം' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ വമ്പൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്.   

Advertisment

27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ദശലക്ഷക്കണക്കിന് രൂപയുടെ കോഴയിടപാടുകളാണ് വിജിലൻസ് കണ്ടെത്തിയത്. 


ഉന്നത ഉദ്യോഗസ്ഥർ ഗൂഗിൾ പേയിലൂടെ ലക്ഷങ്ങൾ വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് കിട്ടി. ഉപഗ്രഹ ചിത്രങ്ങൾ ശേഖരിച്ച് ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് ശ്രമം.


നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി തണ്ണീർത്തടങ്ങളും വയലുകളും ഡാറ്റാബാങ്കിൽ നിന്നൊഴിവാക്കുന്നതായും ഇത് നികത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. 

2023മുതലുള്ള അപേക്ഷകളിലെ നടപടികളാണ് പരിശോധിച്ചത്. മിക്കയിടത്തും ക്രമക്കേട് കണ്ടെത്തി. ചിലയിടത്ത് തരംമാറ്റിയ ഭൂമി നീർച്ചാലുകൾ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളിൽ മണ്ണ് നിക്ഷേപിച്ച്  നികത്തിയെടുത്തതാണെന്ന് കണ്ടെത്തി. 


നിലവിൽ തണ്ണീർ തടങ്ങളുള്ളിടത്തും ഭൂമി മണ്ണിട്ട് നികത്തി തരംമാറ്റം വരുത്തിയിട്ടുണ്ട്. തരം മാറ്റേണ്ട ഭൂമിയുടെ വിസ്തൃതിയിൽ 10% ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കണമെന്നതും പാലിച്ചിട്ടില്ല.


മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ തരംമാറ്റത്തിനായി പ്രവർത്തിക്കുന്ന ഏജൻസിയിൽ നിന്ന് 4,59,000 രൂപ ഗൂഗിൾ പേയിലൂടെ കൈപ്പറ്റിയതായി കണ്ടെത്തി. 

ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾപേയിലൂടെ 11,69,000 രൂപയുടെ സംശയകരമായ ഇടപാടുകൾ കണ്ടെത്തി. മലപ്പുറത്ത് ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരുതവണ നിരാകരിച്ച അപേക്ഷ പരിശോധിച്ചപ്പോൾ വസ്തു മറ്റൊരാളുടെ പേരിൽ പിന്നീട് രജിസ്റ്റർ ചെയ്ത ശേഷം പുതിയ അപേക്ഷ നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരം മാറ്റിയതായി കണ്ടെത്തി.  


11 അപേക്ഷകളിൽ ഒറ്റ ഫോൺ നമ്പറാണുള്ളത്. തളിപറമ്പിൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കൃഷി ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കി ആർ.ഡി.ഒ ഉത്തരവിറക്കി. 


കണ്ണൂർ കളക്ടർ തരംമാറ്റം നിരസിച്ച അപേക്ഷയിൽ ആർ.ഡി.ഒ തരംമാറ്റം അനുവദിച്ചതായും കണ്ടെത്തി. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ 2021മുതലുള്ള അപേക്ഷകളിൽ നടപടിയെടുത്തിട്ടില്ല. 

അപേക്ഷകരിൽ നിന്നും നേരിട്ടും ഏജന്റുമാർ മുഖേനയും ചില ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റി ഇത്തരം ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 

ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെൽ വയലുകളും തണ്ണീർത്തടങ്ങളും പരിവർത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനായി റവന്യു ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയയും റിയൽ എസ്റ്റേറ്റുകാരും ഉൾപ്പെടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണ്. 


കൈക്കൂലിയും അനധികൃത പ്രതിഫലവും കൈപ്പറ്റിയും, സ്വാധീനത്തിന് വഴങ്ങിയും ചില ഉദ്യോഗസ്ഥർ ചട്ടങ്ങൾക്ക് വിരുദ്ധമായി ഭൂമി തരം മാറ്റുന്നതിനായി വിജിലൻസ് കണ്ടെത്തി. 


അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഏജന്റുമാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വിശദമായ പരിശോധനയുണ്ടാവുമെന്ന് വിജിലൻസ് വ്യക്തമാക്കി.

Advertisment