നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

New Update
NABARD

തിരുവനന്തപുരം: നബാർഡിന്റെ  ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ  (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി  തത്വത്തിൽ അംഗീകാരം നൽകി. 

Advertisment

ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 


ഇതിൽ റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. 


വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു.

ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42 കോടി രൂപയുടെ ശുപാർശയുണ്ട്. പഴശ്ശി , കാരാപ്പുഴ  ജലസേചന പദ്ധതികളിലെ കനാലുകളുടെ നവീകരണമാണ് പ്രധാന ലക്ഷ്യം. 


കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്  തൃശൂർ, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ പടവ് നിലങ്ങളുടെയും കുളങ്ങളുടെയും നവീകരണവും വികസനവും ഉൾപ്പെടെ ആറ് പദ്ധതികൾക്കായി 261 കോടി രൂപ ശുപാർശ ചെയ്തു.


സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിപ്മെറിൽ 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രി, അക്കാദമിക് ബ്ലോക്ക് നിർമ്മാണം എന്നിവയ്ക്കായി 73.00 കോടി രൂപയാണ് ശുപാർശ ചെയ്തത്. 

കൃഷി വകുപ്പിന് 12 ജില്ലകളിലായി 26 സ്മാർട്ട് കൃഷിഭവനുകൾ സ്ഥാപിക്കൽ, ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂർ ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ  എന്നിവ ഉൾപ്പെടെ 176.14 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. 


തീരദേശ ഷിപ്പിംഗ് & ഇൻലാൻഡ് നാവിഗേഷൻ  വകുപ്പിന് മയ്യലിലും മുല്ലക്കോടിയിലും ബോട്ട് ജെട്ടികൾ നിർമ്മിക്കൽ, ടി.എസ്. കനാലിന് കുറുകെയുള്ള പാലങ്ങൾ ഉൾപ്പെടെ ആറ് പാലങ്ങളുടെ നിർമ്മാണം എന്നിവയ്ക്കായി 217 കോടി രൂപ ശുപാർശ ചെയ്തു.


കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന് ആധുനിക വെയർഹൗസുകളുടെയും ഗോഡൗണുകളുടെയും നിർമ്മാണത്തിനായി 44.92 കോടി രൂപയും  കേരള അഗ്രോ മെഷിനറി കോർപ്പറേഷന് വജ്ര 120 പവർ ടില്ലർ നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 36.45 കോടി രൂപയും  അനുവദിച്ചു. 

തദ്ദേശ സ്വയംഭരണ വകുപ്പിന് കോംപ്രിഹെൻസീവ് മുനിസിപ്പൽ ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് ആൻഡ് റോഡ് റെസ്റ്റോറേഷൻ പ്രോജക്ടിന് കീഴിലുള്ള പദ്ധതികൾക്കായി 165 കോടി രൂപ നീക്കിവച്ചു. 


മണ്ണ് സർവേ ആൻഡ് മണ്ണ് സംരക്ഷണ വകുപ്പിന് നോർത്ത്, സൗത്ത് സോണുകളിലെ വാട്ടർഷെഡുകളിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി 69.46 കോടി രൂപയുടെ ശുപാർശകളാണ് അംഗീകരിച്ചത്.


മത്സ്യബന്ധന-തുറമുഖ എഞ്ചിനീയറിംഗ് വകുപ്പുകൾ സമർപ്പിച്ച 243 കോടി രൂപയുടെ പദ്ധതികൾ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിൽ കുറഞ്ഞ പലിശ നിരക്കിൽ ഏറ്റെടുക്കാൻ ശുപാർശ ചെയ്തു. 

ഇതിൽ ചെല്ലാനം, ചെറുവത്തൂർ, മഞ്ചേശ്വരം ഫിഷിംഗ് ഹാർബറുകളുടെ നവീകരണവും അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിനെ ഫിഷിംഗ് ഹാർബറായി ഉയർത്തുന്നതും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ നിർമ്മാണവും ഉൾപ്പെടുന്നു.


ആർഐഡിഎഫ് ട്രഞ്ച് 26-ന്റെ ബില്ലുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. 


ആർഐഡിഎഫ് ട്രഞ്ച് 27, 2026 മാർച്ച് 31-ന് അവസാനിക്കുന്നതിനാൽ ഈ ട്രഞ്ചിലെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ക്ലെയിമുകൾ സമർപ്പിക്കാനും നിർവ്വഹണ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

Advertisment