എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചതിൽ അന്വേഷണസംഘത്തെ തീരുമാനിച്ച് ആരോഗ്യവകുപ്പ്

ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും എസ്എടി ആശുപത്രിയിലെ ചികിത്സാ രേഖകളടക്കം അന്വേഷണസംഘം പരിശോധിക്കും.

New Update
sat hospital

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചതിൽ അന്വേഷണസംഘത്തെ തീരുമാനിച്ച് ആരോഗ്യവകുപ്പ്. 

Advertisment

ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള നാലംഗ വകുപ്പ് മേധാവിമാർ സംഭവം അന്വേഷിക്കും. വെള്ളിയാഴ്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ശിവപ്രിയയുടെ സംസ്കാരം മുട്ടത്തറയിൽ നടന്നു. 


അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് മീഡിയവണിനോട് പറഞ്ഞു.


ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ ഗീത, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോക്ടർ ലത, സർജറി വിഭാഗം എച്ച്ഒഡി ഡോക്ടർ സജികുമാർ, കോട്ടയം മെഡിക്കൽ കോളജിലെ ഇൻഫെക്ഷൻ ഡിസീസ് മേധാവി ഡോക്ടർ ജൂബി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ. 

ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും എസ്എടി ആശുപത്രിയിലെ ചികിത്സാ രേഖകളടക്കം അന്വേഷണസംഘം പരിശോധിക്കും. ശിവപ്രിയയുടെ കുടുംബത്തിന്റെ മൊഴിയും വിദഗ്ധസംഘം രേഖപ്പെടുത്തും.


എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചതിനുശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. 


നാളെ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി വെള്ളിയാഴ്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ഇതിനുശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനീക്കം. 

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് പ്രതികരിച്ചു. എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തണം. കുടുംബത്തെ സർക്കാർ സഹായിക്കണമെന്നും ശിവപ്രസാദ് പറഞ്ഞു.

പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ വീട്ടിലെത്തിച്ച ശിവപ്രിയയുടെ സംസ്കാരം മുട്ടത്തറയിലെ മോക്ഷ കവാടത്തിൽ നടന്നു. 

Advertisment