/sathyam/media/media_files/2025/11/11/img53-2025-11-11-14-22-42.jpg)
തിരുവനന്തപുരം: നാല് സി.പി.ഐ മന്ത്രിമാർ രാജിഭീഷണി വരെ മുഴക്കിയ പി.എം-ശ്രീ വിവാദത്തിൽ സി.പി.ഐയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ വെറുതെയെന്ന് വ്യക്തമായി.
പി.എം ശ്രീയിൽ ഒപ്പിട്ടെങ്കിലും തുടർനടപടികൾ മരവിപ്പിക്കാൻ കേന്ദ്രത്തിന് രേഖാമൂലം കത്ത് നൽകുമെന്നായിരുന്നു സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലെ തീരുമാനം.
എന്നാൽ ഇതുവരെ അങ്ങനെയൊരു കത്ത് കേന്ദ്രത്തിന് അയച്ചിട്ടില്ല. മാത്രമല്ല, ഇന്നലെ ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ നേരിൽ കണ്ടിട്ടും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇങ്ങനെയൊരു കത്ത് കൈമാറിയില്ല.
പകരം പി.എം ശ്രീ പദ്ധതി കേരളത്തിൽ മരവിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രിയോട് വാക്കാൽ പറഞ്ഞെന്നാണ് ശിവൻകുട്ടി പറഞ്ഞത്. വാക്കാലുള്ള പറച്ചിലിന് യാതൊരു സാധുതയുമില്ലാത്തതിനാൽ പി.എംശ്രീ കേരളത്തിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു എന്ന് ചുരുക്കം.
സംസ്ഥാനത്തിന് കിട്ടേണ്ട കേന്ദ്ര ഫണ്ട് പി.എം ശ്രീ മരവിപ്പിച്ചതിന്റെ പേരിൽ നഷ്ടമാകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പി.എം ശ്രീയിലെ സംസ്ഥാന നിലപാടിനോട് കേന്ദ്ര മന്ത്രി പ്രതികരിച്ചിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എസ്.എസ്.കെ കുടിശിക ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയത്. 1066.36 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്.
2023 മുതൽ 2026 വരെയുള്ള ഫണ്ടാണിത്. കുടിശിക ഒറ്റത്തവണയായി അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
പി.എം ജൻ മൻ ഹോസ്റ്റലുകൾക്കുള്ള 6.198 കോടി രൂപയും പട്ടികജാതി, പട്ടികവർഗ ഹോസ്റ്റലുകൾ നവീകരിക്കുന്നതിന് 3.57 കോടി രൂപയും അടിയന്തിരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണ്ണമായ സമീപനമാണ് ഉണ്ടായതെന്നും ശിവൻകുട്ടി വിശദീകരിച്ചു. വിവിധ കേന്ദ്രഫണ്ടുകൾ കിട്ടുമെന്ന് ഉറപ്പു നൽകിയെങ്കിൽ ഇനിയെങ്ങനെ പി.എം ശ്രീയിൽ നിന്ന് പിന്മാറുമെന്നതാണ് ചോദ്യം.
സർക്കാർ തിടുക്കത്തിൽ ഒപ്പുവച്ച പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക എളുപ്പമല്ലെന്ന് ഞങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
മന്ത്രിസഭാ ഉപസമിതിയെ പഠനത്തിന് നിയോഗിച്ച മുഖ്യമന്ത്രിയുടെ തന്ത്രം സി.പി.ഐയെ മെരുക്കാനുള്ള കൗശലം മാത്രമാണ്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചെയർമാനായ കമ്മിറ്റിയാണ് പി.എം ശ്രീയെക്കുറിച്ച് പഠിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമേ സമിതിയുടെ റിപ്പോർട്ട് വരൂ. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്.
അതിനാൽ സംസ്ഥാനത്തിന്റെ വാക്കാലുള്ള പരാമർശങ്ങളൊന്നും കേന്ദ്രം പരിഗണിക്കില്ല. ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു മാത്രമാണു കരാർ പിൻവലിക്കാനും റദ്ദാക്കാനുമുള്ള അവകാശം.
കരാർ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമോ പരിഷ്കാരമോ വേണമെങ്കിൽ മാത്രം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ചുള്ള അനുമതിയോടെ നടത്താം.
ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് വരെ സി.പി.ഐയെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണ് മന്ത്രിസഭാ ഉപസമിതിയുടെ പഠനമെന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us