എട്ട് ദിവസമായി ഓട്ടത്തോടെ ഓട്ടം. പോലീസിനെ വെട്ടിക്കാൻ പലേടത്തും ഫോൺ ഓണാക്കി തരികിട. 2 ഓഫീസ് ജീവനക്കാരെ പൊക്കി ചോദിക്കേണ്ടതു പോലെ ചോദിച്ചപ്പോൾ ഒളിയിടം വ്യക്തമായി. കർണാടകത്തിലെ സുള്യയിൽ ഫോൺ ഓണായതോടെ രാഹുൽ വലയിലായി. എട്ടു ദിവസത്തെ ഓട്ടം ഹോസ്ദുർഗിൽ തീരുമോ? ഗുരുതരമായ കുറ്റമെന്ന് തെളിവുകൾ പരിശോധിച്ച് കോടതി പറഞ്ഞതോടെ രാഹുലിന് നിയമവഴി തേടുകയല്ലാതെ വേറെ വഴിയില്ലാതായി. ഹൂ കെയേഴ്സ് പറഞ്ഞ രാഹുൽ ഇനി നിയമവ്യവസ്ഥയുടെ കെയറിൽ

യുവ നേതാവും എം.എൽ.എയുമായ രാഹുൽ ശക്തനാണെന്നും ഇത്രയും അധികാരമുള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനോ പരാതിക്കാരിയെ സ്വാധീനിക്കാനോ ഇടയുണ്ട് എന്നുമാണ് മുൻകൂർ ജാമ്യം തള്ളിയ ഉത്തരവിൽ തിരുവനന്തപുരത്തെ കോടതി വ്യക്തമാക്കിയത്. 

New Update
rahul mankoottathil-4

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നൽകാൻ കഴിയില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വ്യക്തമാക്കിയതോടെ നിയമത്തിന്റെ വഴിയിലെത്തുകയല്ലാതെ രാഹുലിന് വേറെ വഴിയില്ലായിരുന്നു.

Advertisment

യുവതിയുടെ പരാതി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ ദിവസം വൈകിട്ട് മുങ്ങിയതാണ് രാഹുൽ. 8 ദിവസമായി ക‌ർണാടകത്തിൽ ഒളിവിലായിരുന്നു. ഒടുവിൽ മംഗലാപുരത്തിനടുത്തെ സുള്യയിലാണ് രാഹുലിന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയത്.


ഒടുവിൽ ഹോസ്ദുർഗ് കോടതിയിൽ ശക്തമായ പോലീസ് സന്നാഹമൊരുക്കിയതോടെ 8 ദിവസമായുള്ള രാഹുലിന്റെ ഓട്ടത്തിന് അവസാനമായെന്ന് വ്യക്തമായി. 


പാലക്കാട്ടെ ഓഫീസിലെ 2 ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് രാഹുലിനെക്കുറിച്ച് വിവരം കിട്ടിയതെന്നാണ് സൂചന.

യുവ നേതാവും എം.എൽ.എയുമായ രാഹുൽ ശക്തനാണെന്നും ഇത്രയും അധികാരമുള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനോ പരാതിക്കാരിയെ സ്വാധീനിക്കാനോ ഇടയുണ്ട് എന്നുമാണ് മുൻകൂർ ജാമ്യം തള്ളിയ ഉത്തരവിൽ തിരുവനന്തപുരത്തെ കോടതി വ്യക്തമാക്കിയത്. 

പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന്പ്രോസിക്യൂഷൻ രേഖകളിൽ തെളിയുന്നു. കുറ്റക്കാരനെന്ന് വിലയിരുത്താനുള്ള തെളിവുകളുണ്ട്. യുവതിയുടെ പരാതി എന്തുകൊണ്ട്  വൈകിയെന്നത് അടക്കം ഇപ്പോൾ പരിഗണിക്കുന്നില്ല.


രാഹുലിനെതിരായ രണ്ടാം കേസിന്റെ കാര്യം കോടതി ഇപ്പോൾ പരിഗണിച്ചില്ല- എന്നിങ്ങനെ കോടതി ശക്തമായ നിലപാടെടുത്തതോടെ രാഹുലിന് മുന്നിൽ വേറെ വഴിയില്ലാതായി.


8ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ കഴിയാത്തത് പോലീസിനും സർക്കാരിനും നാണക്കേടായി. ഇത്ര ദിവസമായിട്ടും പിടികൂടാനാവാത്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദ്യം ചെയ്തിരുന്നു.
ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു ഹൈക്കോടതിയിൽ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകാൻ തയ്യാറെടുത്തെങ്കിലും പ്രോസിക്യൂഷന്റെ തെളിവുകൾ ശക്തമായതിനാൽ പ്രതീക്ഷ ഇല്ലാതായി.


അതോടെയാണ് നിയമത്തിന്റെ വഴിക്കു വരാൻ രാഹുൽ നിർബന്ധിതനായത്.


 പുതിയ പരാതി രാഹുലിനെ സംബന്ധിച്ച് നിർണായകമാണ്. 2023-ൽ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുൽ വിവാഹവാഗ്ദാനം നൽകി സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലുമായുള്ള പരിചയം യുവതി സ്വന്തംവീട്ടുകാരെയും അറിയിച്ചിരുന്നു.  

2023 ഡിസംബറിലാണ് യുവതി പീഡനത്തിന് ഇരയായത്. ഇതിനുശേഷം മാനസികമായി തകർന്നു. പിന്നീട് രാഷ്ട്രീയ തിരക്കുകൾ ഉണ്ടെന്നുപറഞ്ഞ് രാഹുൽ വിവാഹത്തിൽനിന്ന്‌ പിന്മാറി. യുവതിയെ ഒഴിവാക്കുകയും ചെയ്തു. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെക്കുറിച്ചും പരാതിയിൽ പരാമർശമുണ്ട്.  


രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം ആരോ മെയിലിൽ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൂട്ടിയതാണ് പുതിയ കേസ് എന്നായിരുന്നു പ്രതിഭാഗം പറഞ്ഞത്. 


യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗർഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.

ഫോൺ വിളികളും ചാറ്റുകളും റെക്കോർഡ് ചെയ്തും സ്‌ക്രീൻ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നൽകാൻ യുവതിക്ക് തൊഴിൽ സ്ഥാപനത്തിൽനിന്നു സമ്മർദമുണ്ടായെന്നും സിപിഎം-ബിജെപി ഗൂഢാലോചനയാണു പരാതിക്കു പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.


പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻറെ വാദം.


 നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗർഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേർപ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒരു പെൺകുട്ടി അവരുടെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്നതിനിടെ ഒരു ജനപ്രതിനിധിയെ സഹായത്തിന് സമീപിച്ചപ്പോൾ അവിടെ ചൂഷണം നടക്കുകയാണ് ചെയ്തതെന്ന് തെളിവുകളുടെ അടക്കം സഹായത്തോടെ പ്രോസിക്യൂഷൻ വാദിച്ചു.

Advertisment