/sathyam/media/media_files/2025/11/12/election-2025-11-12-00-47-56.jpg)
തിരുവനന്തപുരം: വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ ജില്ലാ കളക്ടർമാർ അറിയിച്ചു.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് നടക്കുന്ന കൊട്ടിക്കലാശം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വിതരണ കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും കളക്ടർമാർ പറഞ്ഞു.
പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാർക്ക് ഇരിക്കാനുള്ള സൗകര്യം, കുടിവെള്ളം, ക്യൂ നിൽക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.
ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും പോളിങ് സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പോളിംഗ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും, വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കാൻ കമ്മീഷണർ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തേയ്ക്കും, വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കിയെന്നുറപ്പാക്കണം.
ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുള്ള പോളിങ് സ്റ്റേഷനുകളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മലയോര ജില്ലകളിൽ വന്യജീവി സംഘർഷമുള്ള പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാർക്ക് സുരക്ഷിതമായി എത്തിച്ചേരാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വനംവകുപ്പിൽ നിന്നും ആവശ്യമായ സഹായം പോളിങ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുകയും വേണമെന്ന് കമ്മീഷണർ പറഞ്ഞു.
പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേർത്ത തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെയും ഓൺലൈൻ യോഗങ്ങളിലും ജില്ലകളിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള സ്ഥിതിവിശേഷം തിരഞ്ഞെടുപ്പ് കമ്മീഷണർ അവലോകനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us