/sathyam/media/media_files/2025/11/12/election-2025-11-12-00-47-56.jpg)
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സമ്മതിദായകർക്ക് നിർഭയമായും സ്വതന്ത്രമായും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.
തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിലായിരിക്കണം.
അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, വെബ് കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ ആർക്കും പോളിംഗ് സ്റ്റേഷനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദനീയമല്ല.
വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ.
സ്ഥാനാർത്ഥിയുടെ പേര്, പാർട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭകളിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല.
രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. എല്ലാവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥികളുടെ ക്യാമ്പുകൾ ഹരിതചട്ടം പാലിച്ചാകണം. സംഘർഷം ഒഴിവാക്കുന്നതിനായി ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഒഴിവാക്കണം.
വോട്ടെടുപ്പ് ദിവസം സ്ഥാനാർത്ഥികളും ഏജന്റുമാരും വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിക്കണം. പെർമിറ്റുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും കമ്മീഷണർ നിർദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us