/sathyam/media/media_files/2025/01/23/2qhhyuLYfdUB6pAR1Emv.jpg)
തിരുവനന്തപുരം: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. അജ്ഞാതനായ അക്രമി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്.
കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ബ്രൗണ്‍ യൂണിവേഴ്സിറ്റി മേഖലയില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്‌മൈലി അറിയിച്ചു. പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ ഉണ്ടായിരുന്ന വാരാന്ത്യത്തിലാണ് ആക്രമണം നടന്നത്.
ഭയപ്പെടുത്തുന്ന സംഭവം എന്നായിരുന്നു വെടിവയ്പ്പിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇരകള്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്.
എന്താണ് സംഭവിക്കുന്നതെന്ന് പിന്നീട് അറിയിക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. യുഎസിലെ ഏറ്റവും പഴക്കമേറിയതും ഉന്നതവുമായ സര്‍വകലാശാലകളില്‍ ഒന്നാണ് ബ്രൗണ്‍ സര്‍വകലാശാല. യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഉന്നത സര്‍വകലാശാലകളുടെ കൂട്ടായ്മയായ ഐവി ലീഗിന്റെ ഭാഗമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us