/sathyam/media/media_files/2025/12/15/1962473-cpi-binoy-viswam-2025-12-15-09-32-56.webp)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ തുടങ്ങാനിരിക്കെ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണം തേടി പാർട്ടി പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന നേതൃത്വം പത്രക്കുറിപ്പിറക്കി. സി.പി.ഐ സംസ്ഥാനകമ്മിറ്റി ഓഫീസിന്റെ വിലാസവും പാർട്ടിയുടെ ഇ-മെയിലും ചേർത്തുകൊണ്ടുള്ള പത്രക്കുറിപ്പാണ് പുറത്തിറങ്ങിയിട്ടുള്ളത്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ്‌വഴക്കം മാറ്റിവെച്ചാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സംബന്ധിച്ച തർക്കങ്ങൾ പാർട്ടി ഫോറത്തിൽ ചർച്ച നടത്തി അവലോകനം ചെയ്യുകയാണ് പതിവ് രീതി. അതിനായി ജനങ്ങളിൽ നിന്നും പ്രത്യേക അഭിപ്രായം തേടുന്ന പതിവ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കില്ല.
തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ അഭിപ്രായമാക്കി കണക്കിലെടുത്താണ് ചർച്ചകൾ നടക്കുക. താഴേത്തട്ടിൽ നിന്നുള്ള പാർട്ടി ഘടകങ്ങളുടെ അവലോകനത്തിലും റിപ്പോർട്ടിംഗിലും സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് വിശ്വാസമില്ലെന്ന ധ്വനി കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
തങ്ങൾ കൂടി ഉൾപ്പെടുന്ന മുന്നണിയുടെ പത്ത് വർഷത്തെ ഭരണത്തിലുള്ള ജനങ്ങളുടെ അമർഷത്തിന്റെ തീവ്രത അളക്കാനുള്ള പാർട്ടി അടവുനയമായും ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നു.
രാജ്യത്തെയും സംസ്ഥാനത്തെയും മാറിയ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾ കുറെ തവണകളായി പരാജയമായിരുന്നുവെന്ന തിരിച്ചറിവാണ് സി.പി.ഐയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
എന്നാൽ സി.പി.എം, സി.പി.ഐ കക്ഷികൾ ഉൾപ്പെടുന്ന ഇടതുമുന്നണിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും ജനങ്ങളുടെ മനസിലിരുപ്പ് അറിയാൻ സാധിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്.
ജനങ്ങളിൽ നിന്നും മുന്നണിയും സർക്കാരും അകന്നുവെന്നും കൃത്യമായ വിവരശേഖരണത്തിന് പാർട്ടി നേതൃത്വം തന്നെ മറ്റ് മാർഗങ്ങൾ സ്വീകരിക്കുകയാണെന്നും വാദമുണ്ട്.
സി.പി.ഐ പത്രക്കുറിപ്പ്
'തിരഞ്ഞെടുപ്പിലെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നു. അതിന്റെ പാഠങ്ങൾ പഠിച്ച് തെറ്റുതിരുത്തി ഘഉഎ വർദ്ധിച്ച കരുത്തോടെ തിരിച്ചു വരും.
ഈ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കാൻ പാർട്ടിക്ക് കടമയുണ്ട്. അതിന്റെ ഭാഗമായി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
അത് പഠനത്തിന്റെയും, തിരുത്തലിന്റെയും ഭാഗമാണെന്നു പാർട്ടി കരുതുന്നു. ഈ ദൗത്യനിർവഹണത്തിൽ ഞങ്ങളോട് സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് നേരിട്ട് ഞങ്ങൾക്കെഴുതാം.'
സെക്രട്ടറി, സി പി ഐ സംസ്ഥാന കൗൺസിൽ, എം എൻ സ്മാരകം, തിരുവനന്തപുരം-14
എന്ന വിലാസത്തിൽ ആകണം അത്തരം കത്തുകൾ അയക്കേണ്ടത്.
Email- office@cpikerala.org
~ബിനോയ് വിശ്വം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us