തൊഴിലുറപ്പ് പദ്ധതിയുടെ ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതാണ് പുതിയ ബിൽ: മന്ത്രി എം.ബി. രാജേഷ്

സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയെ ഇല്ലാതാക്കുന്നുവെന്ന് മാത്രമല്ല, 40 ശതമാനം ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുക വഴി കേരളത്തിന് ഒരു വർഷം 1600 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. 

New Update
M B RAJESH

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതും തൊഴിൽ നൽകുകയെന്ന ചുമതലയിൽ നിന്ന് പൂർണമായും കൈയൊഴിയുന്നതുമായ പുതിയ ബില്ലാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 

Advertisment

സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയെ ഇല്ലാതാക്കുന്നുവെന്ന് മാത്രമല്ല, 40 ശതമാനം ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുക വഴി കേരളത്തിന് ഒരു വർഷം 1600 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. 


ഈ ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. ഇത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.


അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ അനുവദിക്കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 മുഖേന പ്രാബല്യത്തിൽ വന്ന പദ്ധതി കേരളത്തിൽ ആരംഭിച്ചത് 2006ലാണ്. പാലക്കാട്, വയനാട് ജില്ലകളിൽ ആരംഭിച്ച പദ്ധതി 2008ൽ മറ്റ് ജില്ലകളിലെല്ലാം നടപ്പാക്കി. 


ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രാമുഖ്യം വഹിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് വളരെ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19.37 ലക്ഷം സജീവ കുടുംബങ്ങളിലായി 22.61 ലക്ഷം സജീവ തൊഴിലാളികൾ ഉണ്ട്. 

2024-25 സാമ്പത്തിക വർഷം 13.72 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തു. 9.07 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 

ഇതുവഴി തൊഴിൽ കൂലി ഇനത്തിൽ 3107.914 കോടി രൂപയും 713.05 കോടിയുടെ സാധന-വിദഗ്ധ കൂലി ഇനത്തിലും മാത്രം ചെലവഴിച്ചു. മൊത്തം ചെലവ് 4011.53 കോടി രൂപ. സംസ്ഥാനത്തെ സാധാരണ തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കൂലിയൊണ് ഇല്ലാതാക്കുന്നത്.


2024-25 വർഷം 5,19,623 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി. ഇപ്രകാരം 100 ദിവസം തൊഴിൽ നൽകിയ കുടുംബങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 


2025-26 വർഷത്തിൽ ഡിസംബർ 15 വരെ 11.87 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുകയും 5.52 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 2401.79 കോടി രൂപ ഈ വർഷം സംസ്ഥാനത്ത് ചെലവാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി പുരോഗതിയുടെ വിവിധ ഘടകങ്ങളിൽ എന്നും മുൻനിരയിൽ സംസ്ഥാനം ഉണ്ടായിട്ടുണ്ട്. 

പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൽകുന്ന ശരാശരി തൊഴിൽദിനങ്ങൾ, പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ, കുടുംബങ്ങൾക്ക് ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനം നൽകുന്നതിൽ, ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് നൂറു ദിവസം നൽകുന്നതിൽ തുടങ്ങി പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ സംസ്ഥാനം ആദ്യ സ്ഥാനങ്ങളിലുണ്ട്. 


പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്താൻ തൊഴിലുറപ്പ് നിയമത്തിൽ പറഞ്ഞിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.100 ശതമാനം സോഷ്യൽ ആഡിറ്റ് പൂർത്തീകരിക്കുകയും എല്ലാ ജില്ലകളിലും ഓംബുഡ്‌സ്മാന്മാരെ നിയമിക്കുകയും ചെയ്തു.


ഇപ്രകാരം മികച്ച രീതിയിൽ സംസ്ഥാനം പദ്ധതി നടപ്പിലാക്കി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഭേദഗതികൾ കൊണ്ട് വരുന്നതിനുള്ള നീക്കം നടപ്പിലാക്കുന്നത്. 2022-23 വർഷം 3854.68 കോടി രൂപ കേന്ദ്ര വിഹിതം അനുവദിച്ചത് 2023-24 ൽ 3221.13 കോടി രൂപയായും 2024-25 ൽ 3212.06 കോടി രൂപയായും കുറഞ്ഞു. 

ഈ വർഷം ഇതുവരെ 2928.34 കോടി രൂപ മാത്രമാണ് ലഭ്യമായത്. തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. 2022-23, 2023-24, 2024-25 വർഷങ്ങളിൽ ആദ്യ ഘട്ടത്തിൽ 6 കോടി തൊഴിൽ ദിനങ്ങൾ വീതം അനുവദിച്ച് നൽകിയത് 2025-26 വർഷത്തിൽ 5 കോടിയാക്കി കുറച്ചു. 


എന്നാൽ 2022-23, 2023-24, 2024-25 വർഷങ്ങളിൽ യഥാക്രമം 9.65, 9.94, 9.07 കോടി തൊഴിൽ ദിനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചു. 2025-26 വർഷം അനുവദിച്ച് നൽകിയ 5 കോടി തൊഴിൽ ദിനത്തിൽ കേരളം 5.54 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 


ഇതിനെല്ലാം സംസ്ഥാനത്തിന് സഹായകം ആയിരുന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 ലെ സംസ്ഥാനങ്ങൾക്ക് അനുകൂലമായിരുന്ന വ്യവസ്ഥകളാണ്. ഈ വ്യവസ്ഥകളെ അപ്പാടെ മാറ്റി സംസ്ഥാനങ്ങൾക്ക് പ്രതിലോമകരമായ വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ നിയമത്തിൽ തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 125 ആക്കി ഉയർത്തുമെന്നുള്ള പ്രഖ്യാപനമുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ മാത്രം തൊഴിൽ ചെയ്യാൻ സന്നദ്ധമായവർക്ക് 125 ദിവസത്തെ തൊഴിൽ നൽകുമെന്നാണ് സെക്ഷൻ 5(1)ൽ പറയുന്നത്. 


സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല. ഗ്രാമീണ മേഖലയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെട്ടിരിക്കുന്നത്. 


കാർഷിക സീസണുകളിൽ പ്രവൃത്തി നടത്തരുതെന്നും, വിത്തുവിതയ്ക്കൽ-വിളകൊയ്യൽ സീസണുകളിൽ 60 ദിവസം വരെ ഇങ്ങനെ തൊഴിൽ ഒഴിവാക്കാമെന്നുമുള്ള നിർദേശം ഇത്തരത്തിലൊന്നാണ്. 

അനിവാര്യമായ സമയത്തുള്ള ഈ തൊഴിൽ നിഷേധം തൊഴിലാളികളെ വീണ്ടും ഭൂവുടമകളുടെ ആശ്രിതരാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Advertisment