കേക്കും ഷേക്ക്ഹാന്റും പാളി. ബി.ജെ.പിയുടെ 'ക്രിസ്ത്യൻ ഔട്ട്റീച്ച്' പരിപാടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന് പാർട്ടി വിലയിരുത്തൽ. സംഘപരിവാർ അനുകൂല സംഘടനയായ കാസയ്ക്കും തിരിച്ചടി. മിക്കയിടത്തും ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്ക് പരാജയം. തൃശ്ശൂരിലും വോട്ട് ഒഴുകിയത് യു.ഡി.എഫിലേക്ക്. സുരേഷ് ഗോപി വിരുദ്ധ തരംഗം വിനയായി

തൃശ്ശൂരിൽ പള്ളിയുടെ സഹായത്തോടെ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയ, ഡിവിഷനുകളിൽ വൻ പരാജയമാണുണ്ടായത്.

New Update
bjp

തിരുവനന്തപുരം: ക്രൈസ്തവസഭാ നേതൃത്വങ്ങളെയും വിശ്വാസികളെയും ഒപ്പംനിർത്താനായി ബിജെപി നടത്തിയ നീക്കങ്ങൾ വമ്പൻ പരാജയമെന്ന് തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

Advertisment

സംഘപരിവാർ അനുകൂല സംഘടനയായ കാസ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. പാർട്ടിയുടെ 'ക്രിസ്ത്യൻ ഔട്ട്റീച്ച്' പരിപാടി തദ്ദേശതിരഞ്ഞെടുപ്പിൽ ഗുണംചെയ്തില്ലെന്ന് വിമർശനവും ബി.ജെ.പിക്കുള്ളിൽ ഉയരുകയാണ്.


ലോക്സഭാ തിരഞ്ഞടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ച തൃശ്ശൂരിൽ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി.


തൃശ്ശൂരിൽ പള്ളിയുടെ സഹായത്തോടെ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയ, ഡിവിഷനുകളിൽ വൻ പരാജയമാണുണ്ടായത്.

കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ബിജെപി ഈ നിലപാടിലെത്തുന്നത്.

ജയിക്കുമെന്ന് അമിത പ്രതീക്ഷ പുലർത്തിയ ഈ ഡിവിഷനുകളിലെ ഫലം വിപരീതമായിരുന്നു. ചത്തീസ്ഗഡ് വിഷയം തിരിച്ചടിയായെന്നും കന്യാസ്ത്രീ സമൂഹംതന്നെ ബിജെപിക്കെതിരേ വോട്ട് ചെയ്‌തെന്നുമാണ് കരുതുന്നത്.


പി.സി. ജോർജിന്റെ ചില സ്വാധീനമേഖലകളിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലിത് രണ്ടോ മൂന്നോ പഞ്ചായത്തുകളിൽ മാത്രമായി ചുരുങ്ങി. 


നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ പ്രതീക്ഷവയ്ക്കുന്ന തിരുവനന്തപുരത്ത് ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയിട്ടും ഗുണം ചെയ്തില്ല.

നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ പരാജയപ്പെട്ടു. വോട്ടും കുറവായിരുന്നു.


തൃശ്ശൂരിൽ സുരേഷ് ഗോപി വിരുദ്ധതരംഗം തിരിച്ചടിയായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ പറ്റിയ ഒരു നേതാവ് മത്സരരംഗത്തില്ലാതിരുന്നതിനാൽ ഭരണം പിടിക്കുക എന്ന ചിന്തയേ പ്രവർത്തകർക്കുണ്ടായില്ലെന്നതാണ് മറ്റൊരു വിലയിരുത്തൽ. 


പാർട്ടി നേതൃത്വത്തിൽ ഒരു കൂട്ടായ്മ പ്രകടമാക്കാൻ സാധിച്ചില്ല, ജില്ലാ പ്രസിഡന്റിന് നേതൃപരമായി പങ്കുവഹിക്കാൻ കഴിഞ്ഞില്ല, ഒരു സംസ്ഥാന നേതാവ് പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്നു തുടങ്ങിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

സംസ്ഥാന ഭാരവാഹികളിൽ ബി. ഗോപാലകൃഷ്ണൻ മാത്രമാണ് ഡിവിഷനിൽ ഇറങ്ങി പ്രവർത്തിച്ചതെന്നും അത് ഗാന്ധിനഗർ ഡിവിഷനിൽ ഗുണം ചെയ്‌തെന്നുമാണ് വിലയിരുത്തൽ.

ഇതിനിടെ കാസയുടെ തീവ്രനിലപാടുകൾ പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നും പലയിടത്തും അത് കൊണ്ട് തിരിച്ചടിയാണ് ലഭിച്ചതെന്നും വിലയിരുത്തലുണ്ട്.

ക്രൈസ്തവരുടെ ഇടയിലേക്ക് ബി.ജെ.പിക്ക് വഴിവെട്ടിത്തെളിക്കാൻ തീവ്രസ്വഭാവമുള്ള കാസ നീക്കം നടത്തിയെങ്കിലും ഉത്തരേന്ത്യയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും അക്രമിക്കുന്ന ബി.ജെ.പിക്ക് ഇനി വോട്ടില്ലെന്ന നിലപാടാണ് സംസ്ഥാനത്ത് പലയിടത്തും ക്രൈസ്തവ സമൂഹം സ്വീകരിച്ചതെന്നും കരുതപ്പെടുന്നു.

Advertisment