/sathyam/media/media_files/2025/12/18/untitled-design80-2025-12-18-14-19-17.jpg)
തിരുവനന്തപുരം : 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്ത നടപടി പരക്കെ വിമർശിക്കപ്പെടുമ്പോൾ പാട്ടിന്റെ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി രചയിതാവ് ജി.പി കുഞ്ഞബ്ദുള്ള.
സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ.വാസു പിണറായിക്ക് ജയിലിൽ നിന്നെഴുതുന്ന കത്താണ് രണ്ടം ഭാഗത്തിന്റെ ഉള്ളടക്കം.
'ഞങ്ങളെല്ലാം ജയിലിലാണ്, നിങ്ങൾ തോറ്റെന്ന് അറിഞ്ഞു' എന്ന രീതിയിലാണത്. സ്ഥിരമായി എഴുതുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ഇത് എഴുതിയത്.
റെക്കോർഡ് ചെയ്ത് എപ്പോൾ റിലീസ് ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും പാട്ട് പുറത്തിറക്കുകയെന്നും വരികൾ അവരെ ഏൽപ്പിച്ചിട്ടുണ്ടെന്നും രചയിതാവ് വ്യക്തമാക്കുന്നു.
നിലവിൽ പാരഡി ഗാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടി ഉടൻ വേണ്ടെന്ന തീരുമാനമാണ് സർക്കാരും പൊലീസും ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്. എഫ്ഐആർ പ്രകാരം പാട്ടിന്റെ എഴുത്തുകാരനായ ജി പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി.
ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതൽ നാലു വരെയുള്ള പ്രതികൾ. പാരഡി പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ് ഐ ആറിൽ പറയുന്നുണ്ട്.
മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തത്.
മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചു.
അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന രീതിയിലാണ് പാരഡി നിർമ്മിച്ചിരിക്കുന്നതെന്നും ഇത് ഭക്തമനസ്സുകളെ വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി രവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഈ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സമിതി ചെയർമാൻ കെ. ഹരിദാസ് ആരോപിച്ചു.
പരാതി നൽകിയത് സമിതിയല്ലെന്നും ചിലരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us