/sathyam/media/media_files/2025/12/20/img107-2025-12-20-10-25-17.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ സ്വന്തമാക്കിയതിൻ്റെ ആവേശം കെട്ടടങ്ങും മുമ്പ് ബിജെപിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു .
തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിയിലെ നാളിതുവരെയുള്ള കീഴ്‌വഴക്കങ്ങൾ ലംഘിക്കപെട്ടിരിക്കുകയാണ്.
പാർട്ടിയിൽ ഇങ്ങനെ ഒരു സംഭവം കേട്ട് കേൾവി ഇല്ലാത്തതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം പാടില്ലെന്നും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പോലും പ്രചാരണം നടത്തരുതെന്നും കർശന നിർദ്ദേശം നൽകിയ പാർട്ടി ഒരു വാർഡിലേക്ക് മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്ന് കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയ നേതൃത്വമുള്ള പാർട്ടി അങ്ങനെയുള്ള ബി ജെ പി യിലാണ് ഇപ്പോൾ ഈ സംഭവങ്ങൾ അരങ്ങേറുന്നത്.
വ്യത്യസ്തതയുള്ള പാർട്ടി എന്ന ബി ജെ പി യുടെ അവകാശവാദമാണ് പൊളിഞ്ഞിരിക്കുന്നത്. നേമത്ത് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സ്വയം പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ പതിവ് രീതിയാണ് തെറ്റിയത് .
മുതിർന്ന നേതാക്കളടക്കമുള്ളവരോട് ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം നിർദ്ദേശിക്കുമെങ്കിലും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് പാർട്ടി പാർലമെൻ്ററി ബോർഡിൻ്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെയും അനുമതിക്ക് ശേഷം മാത്രമാണ്.
എന്നാൽ ഈ പതിവ് തെറ്റിച്ചാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കളുടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം.
രാജീവ് ചന്ദ്രശേഖറും വി മുരളീധരനും സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും പാർട്ടി ദേശീയ നേതൃത്വം കേരളത്തിലെ തെരഞ്ഞെടുപ്പ് ഇൻചാർജിനെ പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിൻ്റെ പ്രഭാരിയായ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാകട്ടെ ഇതുവരെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിച്ചിട്ട് പോലുമില്ല .
മോദി - അമിത് ഷാ കാലത്തിൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് പ്രാധാന്യമില്ലെന്നും വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കപെടുന്നതായും നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
എന്തായാലും കേരളത്തിലെ ബി ജെ പി സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്ന നേതാക്കളുള്ള വ്യത്യസ്തതയുള്ള പാർട്ടിയായി മാറിയിരിക്കുകയാണ്.
ബി ജെ പി യിലെ ഇപ്പോഴത്തെ അവസ്ഥ വേലി തന്നെ വിളവ് തിന്നുന്നതാണ്. പാർട്ടിയുടെ സംഘടനാ സംവിധാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ജില്ലാ ടീം , സംസ്ഥാന കോർ കമ്മിറ്റി , തെരഞ്ഞെടുപ്പ് സമിതി അങ്ങനെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള എല്ലാ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ് .
പാർട്ടിക്കുള്ളിൽ രാജീവ് ചന്ദ്രശേഖറേയും വി. മുരളീധരനേയും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചോദ്യം ചെയ്യാനാരുമില്ല.
എന്നാൽ ഇവരുടെ സ്ഥാനത്ത് മറ്റാരെങ്കിലുമാണ് സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെങ്കിലോ പാർട്ടി അച്ചടക്ക നടപടിയുടെ വാള് വീശിയേനെ , ബി ജെ പി ഇപ്പോൾ ഇങ്ങനെയാകുമ്പോൾ ഇനിയങ്ങോട്ട് ഇങ്ങനെയാകുമോ കൂടുതൽ നേതാക്കൾ സ്വയം സ്ഥാനാർത്ഥി നിർണ്ണയം നടത്തുമോ എന്നാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ഉറ്റ് നോക്കുന്നത്.
പാർട്ടിയിൽ പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാകുന്നു എന്ന് മനസിലാക്കി നിശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് പ്രവർത്തകർക്ക് വേണ്ടത്.
പ്രധാനമന്ത്രി മോദി പോലും സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ തയ്യാറാകാത്ത പാർട്ടിയിലാണ് ഈ സംഭവ വികാസങ്ങൾ എന്നതാണ് ശ്രദ്ധേയം . പാർട്ടിക്ക് മുകളിൽ നേതാക്കൾ വളരുകയും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ചയും ബിജപി യെ വ്യത്യസ്തമാക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us