പാലക്കാട് വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണം. മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. 

New Update
v d satheesan opposit party leader

തിരുവനന്തപുരം: പാലക്കാട് വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Advertisment

കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണെന്ന് കത്തിൽ പറയുന്നു. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്.


മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. 


നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാംനാരായണിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല.


കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. 

അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാംനാരായണിന് നീതി ഉറപ്പാക്കണമെന്നും വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. 

Advertisment