യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരം. ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. 

New Update
KLOO

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു.

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്.


യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. 


ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ സൗകര്യങ്ങളായ പാർക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ  സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കും.


സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ ഡിജിറ്റൽ സംവിധാനം, കേരളത്തെ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തിൽ ഉയർത്തുന്നതിനും ഈ സംരംഭം  വലിയ രീതിയിൽ സഹായിക്കും.


ഡിസംബർ 23ന് വൈകിട്ട് 3ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. വട്ടിയൂർക്കാവ് എം.എൽ.എ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്‌സ് മുഖ്യാഥിതിയാകും.

Advertisment