എൻ ഡി എ യിൽ വൻ പ്രതിസന്ധി. കയ്യാലെ പുറത്തെ തേങ്ങ പോലെ അങ്ങാട്ടോ ഇങ്ങാട്ടോ എന്ന് പറഞ്ഞിരിക്കുന്ന വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ നീക്കം പോലും മനസിലാക്കാനായില്ലെന്ന് വിമർശനം. ബിഡിജെഎസ് എത്ര കാലം കൂടെക്കാണുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് മുന്നണിയുടെ കെട്ടുറപ്പ് രാജീവ് ചന്ദ്രശേഖറിന് വൻ വെല്ലുവിളി

യു ഡി എഫിൽ അസോസിയേറ്റ് അംഗത്വം നൽകിയതിന് പിന്നാലെ പാർട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ താൻ എൻഡിഎ വിടില്ല എന്ന നിലപാട് അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
high

തിരുവനന്തപുരം : സംസ്ഥാനത്തെ മുന്നണി സംവിധാനത്തിൽ കരുത്താർജിക്കാനുള്ള ശ്രമമാണ് ബി ജെ പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം നടത്തുന്നത് .

Advertisment

തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസിന് പുറമെ ദേശീയ തലത്തിൽ സഖ്യത്തിൻ്റെ ഭാഗമായ ശിവസേന , ലോക് ജനശക്തി പാർട്ടി , എൻ പി പി എന്നീ പാർട്ടികളാണ് സംസ്ഥാനത്തെ എൻഡിഎയുടെ പ്രധാന ഘടകകക്ഷികൾ , നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് , സോഷ്യലിസ്റ്റ് ജനതാദൾ എന്നീ പാർട്ടികളും മുന്നണിയുടെ ഭാഗമാണ്.


എൻഡിഎ വിട്ട് സി.കെ ജാനു യുഡിഎഫിനൊപ്പം ചേർന്നു. തിരുവിതാംകൂർ മേഖലയിൽ നാടാർ സമുദായത്തിന് സ്വാധീനമുള്ള  കേരള കാമരാജ്  കോൺഗ്രസ് എന്ന പാർട്ടി ഇപ്പോൾ എൻ ഡി എ യ്ക്ക് ഒപ്പമാണോ എന്നതിൽ വ്യക്തതയില്ല . 


യു ഡി എഫിൽ അസോസിയേറ്റ് അംഗത്വം നൽകിയതിന് പിന്നാലെ പാർട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ താൻ എൻഡിഎ വിടില്ല എന്ന നിലപാട് അറിയിച്ചു.

യു ഡി എഫിൽ സ്ഥിരാംഗത്വം നൽകാതെ അസോസിയേറ്റ് അംഗമാക്കിയതാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി . എന്നാൽ ഒരു ഘടകകക്ഷി ഇങ്ങനെ ഒരു നീക്കം നടത്തിയിട്ട് അക്കാര്യം അറിഞ്ഞില്ലേ എന്നാണ് ബി ജെ പി യിൽ ഉയരുന്ന ചോദ്യം .

ഇനി വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയെ എങ്ങനെ വിശ്വസിച്ച് കൂടെ നിർത്തുമെന്ന ചോദ്യവും എൻഡിഎയ്ക്കുള്ളിൽ ഉയർന്നിട്ടുണ്ട്. മുന്നണിയുടെ ഭാഗമായി നിൽക്കുന്ന ബിഡിജെഎസിനെ വിശ്വസിച്ച് എത്ര കാലം മുന്നോട്ട് പോകുമെന്ന ചോദ്യവും ബി ജെ പി നേതൃത്വത്തിന് തലവേദനയാണ്.


എൽഡിഎഫിന് ഒപ്പം ചേരണമെന്ന ആവശ്യം അണികൾക്കിടയിൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് ഇതിനോടകം വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. 


നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേട്ടമുണ്ടാക്കുമെന്ന് തോന്നിയാൽ യുഡി എഫ് നേതാക്കളും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള സൗന്ദര്യപിണക്കം അവസാനിക്കുകയും ചെയ്താൽ ബിഡിജെഎസ് യുഡി എഫിൽ എത്തുന്നതിനും സാധ്യതയുണ്ട് . 

ഒപ്പം നിൽക്കുന്ന ഘടക കക്ഷികളെ പോലും കൂടെ നിർത്തി മുന്നണിയെ മുന്നോട്ട് നയിക്കാൻ കഴിയാത്ത വിധത്തിലാണ് ബി ജെ പി യുടെ പോക്ക് എന്ന വിമർശനം ഉയർന്നിട്ടുണ്ട് .

മുന്നണിയുടെ കെട്ടുറപ്പ്  ശക്തമാക്കുക കൂടുതൽ പാർട്ടികളെ മുന്നണിയിലേക്ക് എത്തിക്കുക എന്നിങ്ങനെ വലിയ വെല്ലുവിളിയാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ മുന്നിലുള്ളത്.


മുന്നണി യോഗം അടിയന്തരമായി വിളിച്ച് ചേർക്കുന്നതിന് നേതൃത്വം തയ്യാറകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ചർച്ച ചെയ്യാൻ മുന്നണി യോഗം ചേരേണ്ടത് അത്യാവശ്യമാണ്. 


ഒപ്പമുള്ള ഘടക കക്ഷികളുടെ നീക്കങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നില്ലെന്ന വിമർശനം ബി ജെ പി ക്കുള്ളിൽ  ഉയരുമ്പോൾ അത് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യം വെച്ച് തന്നെയെന്ന് ഉറപ്പാണ്.

അതുകൊണ്ട് തന്നെ മുന്നണി സംവിധാനം ശക്തമാക്കി ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകേണ്ടത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ മാത്രം ഉത്തരവാദിത്തമാണ്

Advertisment