പൊതുവിദ്യാലയങ്ങൾ മറ്റ് സ്കൂളുകൾക്ക് മാതൃക: മന്ത്രി വി.ശിവൻകുട്ടി

പഠനത്തിനു പുറമേ ശാരീരികവും മാനസികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ സ്കൂളുകൾ നൽകുന്ന പിന്തുണയുടെ പരിശോധനയാണ് 'ഹരിത വിദ്യാലയം’ റിയാലിറ്റി ഷോ. 

New Update
SIVANKUTTY

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സ്കൂൾ അന്തരീക്ഷവും പഠനവും മികവുറ്റതാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇവയില്‍ പലതും മറ്റ് സ്കൂളുകള്‍ക്ക് മാതൃകയാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. 

Advertisment

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിന്റെ മുദ്രാഗാനം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തിനു പുറമേ ശാരീരികവും മാനസികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ സ്കൂളുകൾ നൽകുന്ന പിന്തുണയുടെ പരിശോധനയാണ് 'ഹരിത വിദ്യാലയം’ റിയാലിറ്റി ഷോ. 

സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. 

സ്കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്കറിയാനുള്ള അവസരം കൂടിയാണിതെന്നും അതുകൊണ്ട് വളരെ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ റിയാലിറ്റി ഷോയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തു വർഷം മുമ്പ് വിദ്യാർത്ഥികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്കൂളുകള്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി ഷോയുടെ ഭാഗമായി എത്തിയിട്ടുണ്ട്. കഠിനമായ പ്രവർത്തനത്തിലൂടെയാണ് അവരത് നേടിയെടുത്തത്. 

ഹരിതവിദ്യാലയം ഒന്നാം സീസണുവേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നല്‍കിയ മുദ്രാഗാനത്തിന്റെ പുതിയ ആവിഷ്കാരമാണ് പ്രകാശനം ചെയ്തത്. 

വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്ന് ആലപിച്ച മൺതരി തൊട്ട് മഹാകാശം വരെ എന്ന് തുടങ്ങുന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയിരിക്കുന്നത് കൈറ്റ് വിക്ടേഴ്സാണ്.

മുന്‍ എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് വിഭാഗങ്ങളിലായാണ് ഇത്തവണ റിയാലിറ്റിഷോ നടത്തുന്നത്. പ്രൈമറിക്കും ഹൈസ്കൂള്‍ - ഹയര്‍സെക്കൻഡറിക്കും രണ്ട് വിഭാഗങ്ങളുണ്ട്. 

സ്കൂളുകളുടെ അക്കാദമിക-സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത്. 

പ്രാഥമിക റൗണ്ടില്‍ അപേക്ഷിച്ച 855 സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 85 സ്കൂളുകളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്.

കുട്ടികള്‍ക്ക് ഉപയോഗിക്കേണ്ട ഐസിടി ഉപകരണങ്ങളാണ് ഇത്തവണ സമ്മാനമായി നല്‍കുക. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്നവർക്ക് 7 ലക്ഷം രൂപയുടെയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5.28 ലക്ഷം രൂപയുടെയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3.52 ലക്ഷത്തിന്റെയും ഉപകരണങ്ങള്‍ നൽകും.

അവസാന റൗണ്ടിലെത്തുന്ന രണ്ട് സ്കൂളുകള്‍ക്ക് 1.76 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സമ്മാനമായി ലഭിക്കും.  പ്രൈമറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 5.28, 3.52, 2.46 ലക്ഷം രൂപയുടെ വീതം ഉപകരണങ്ങള്‍ നൽകും. അവസാന റൗണ്ടിലെത്തിയ മറ്റ് രണ്ട് സ്കൂളുകള്‍ക്ക് 1.41 ലക്ഷം രൂപയുടെ ഉപകരണങ്ങളും ലഭിക്കും.

Advertisment