ക്ലച്ച് പിടിക്കാതെ ബി ജെ പി യുടെ ക്രൈസ്തവ വോട്ട് ബാങ്ക് പരീക്ഷണം. എൻഡിഎക്ക് ആദ്യ എംപിയെ കിട്ടിയത് ഈ പരീക്ഷണത്തിലൂടെയെങ്കിലും പിന്നീട് ലക്ഷ്യം കണ്ടില്ല. ക്രിസ്മസ് - ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും ക്രൈസ്തവ വോട്ട് തന്നെ

വയനാട്ടിലേയും കണ്ണൂരിലേയും കുടിയേറ്റ മേഖലയിലടക്കം എൻപിപിയുടെ സ്ഥാനാർത്ഥികൾ എൻഡിഎ പാനലിൽ മത്സരിച്ചെങ്കിലും വിജയം നേടാനായില്ല .

New Update
bjp

തിരുവനന്തപുരം : കേരളത്തിൽ അതി തീവ്ര ഹിന്ദുത്വ നിലപാടിൽ നിന്ന് വ്യത്യസ്തമായി മൃദു ഹിന്ദുത്വ നിലപാട് ബി ജെ പി സ്വീകരിക്കാൻ തുടങ്ങിയിട്ട് നാളുകളായി .

Advertisment

ബി ജെ പി യുടെ പക്കലുള്ള ഹിന്ദു വോട്ടിനൊപ്പം ക്രൈസ്തവ വോട്ട് ബാങ്ക് കൂടി ചേർന്നാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ഈ സാഹചര്യത്തിലാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തിലടക്കമുള്ള ബി ജെ പി യുടെ ഇടപെടൽ .

ക്രിസ്മസ് , ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നേതാക്കൾ ദേവാലയങ്ങളിലും അരമനകളിലും എത്തുന്നത് ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ്.

 ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനടക്കം അവിടെ എത്തിയതും ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കുക എന്ന ലക്ഷ്യം വെച്ചാണ് .

 ബി ജെ പി യെ സംബന്ധിച്ചടുത്തോളം സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അന്ന് സ്വീകരിച്ച നിലപാട് പാർട്ടിയും സംഘ പരിവാറും നാളിതുവരെ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു.

 തിരുവനന്തപുരത്ത് മുതലപ്പൊഴി വിഷയത്തിൽ നടത്തുന്ന ഇടപെടൽ ഇങ്ങനെ പല വഴിക്ക് ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ ബി ജെ പി ശ്രമം നടത്തി.

എന്നാൽ 25 ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട് ബി ജെ പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടില്ലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

 ഐഎഫ്ഡിപി മുതൽ എൻപിപി വരെ എത്തി നിൽക്കുന്ന ബി ജെ പി യുടെ ക്രൈസ്തവ രാഷ്ട്രീയ പാർട്ടി പരീക്ഷണവും ലക്ഷ്യം കണ്ടില്ലെന്നതാണ് യഥാർത്ഥ്യം .

കേരളാ കോൺഗ്രസ് (എം ) വിട്ട് പി സി തോമസ് രൂപം നൽകിയ ഐ എഫ് ഡി പി യെ എൻഡിഎ ഘടക കക്ഷിയാക്കി മൂവാറ്റുപുഴയിൽ അദ്ദേഹത്തെ പാർലമെൻ്റിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കാൻ കഴിഞ്ഞു.

എന്നാൽ മതത്തെ വോട്ട് പിടിക്കാൻ ഉപയോഗിച്ചതിനാൽ പി സി തോമസ് അയോഗ്യനായതും ചരിത്രം .

ഇങ്ങനെ പല പരീക്ഷണങ്ങൾക്കൊടുവിൽ മേഘാലയയിൽ അധികാരത്തിലിരിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയെ കേരളത്തിലെത്തിക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു. 

വയനാട്ടിലേയും കണ്ണൂരിലേയും കുടിയേറ്റ മേഖലയിലടക്കം എൻപിപിയുടെ സ്ഥാനാർത്ഥികൾ എൻഡിഎ പാനലിൽ മത്സരിച്ചെങ്കിലും വിജയം നേടാനായില്ല .

 കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ബിഷപ്പുമാരെ പങ്കെടുപ്പിച്ച് നടത്തിയ ക്രിസ്മസ് ആഘോഷത്തിൻ്റെ ലക്ഷ്യവും വോട്ട് ബാങ്ക് തന്നെ ,കരോൾ സംഘത്തിന് നേർക്കും ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ നേർക്കും സംസ്ഥാനത്തും രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു.

 പല തവണ പരീക്ഷണങ്ങൾ പാളിയെങ്കിലും വീണ്ടും വീണ്ടും പരീക്ഷണത്തിന് തയ്യാറാണെന്ന സമീപനമാണ് ബി ജെ പി യുടേത്

Advertisment