/sathyam/media/media_files/2025/12/27/img134-2025-12-27-11-32-45.jpg)
തിരുവനന്തപുരം: കോർപ്പറേഷനുകളിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള വനിതാ നേതാക്കളുടെ അഭിപ്രായ വ്യത്യാസം യുഡിഎഫ്, ബിജെപി നേതൃത്വങ്ങൾക്ക് തലവേദനയാകുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ, കൊച്ചിയിൽ ദീപ്തി മേരി വർഗീസ്, തൃശ്ശൂരിൽ ലാലി ജെയിംസ് എന്നിവരാണ് വിമതശബ്ദമുയർത്തിയത്.
തലസ്ഥാന കോർപ്പറേഷനിലെ സിപിഎം ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. 50 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി ഉയർന്നുവന്നത്.
എന്നാൽ ഈ വിജയത്തിൻറെ മാറ്റ് കുറയ്ക്കുന്ന തരത്തിൽ ശ്രീലേഖ നിസഹകരിച്ചതോടെയാണ് പാർട്ടി നേതൃത്വം വെട്ടിലായത്.
ശാസ്തമംഗലം വാർഡിൽ നിന്ന് മത്സരിച്ച ശ്രീലേഖയ്ക്ക് മേയർ പദവി നൽകാമെന്ന് ബിജെപി നേതൃത്വത്തിലെ ചില ആളുകൾ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മേയർ പദവിയിലേക്ക് ആർഎസ്എസ് പിന്തുണയോടെ വി വി രാജേഷ് എത്തുകയായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ശ്രീലേഖയെ പിന്തുണച്ചുവെങ്കിലും ആർഎസ്എസ് കടുപ്പിച്ചതോടെ കപ്പിനും ചുണ്ടിനും ഇടയിൽ ശ്രീലേഖയ്ക്ക് മേയർ പദവി നഷ്ടമാകുകയായിരുന്നു.
മേയർ പദവി നൽകാം എന്ന വാഗ്ദാനം നടത്തിയ ശേഷം അത് നിരസിച്ചതോടെ താൻ അപമാനിതയായി എന്ന സന്ദേശമാണ് അവർ അടുപ്പക്കാരോട് പങ്കുവെച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്നലെ മേയർ വിവി രാജേഷ് ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവർ ശ്രീലേഖയെ വീട്ടിലെത്തി കണ്ടെങ്കിലും നിലപാടിൽ നിന്ന് മാറാൻ അവർ തയ്യാറായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചിയിൽ ദീപ്തി മേരി വർഗീസ് വിമത ശബ്ദം ഉയർത്തിയെങ്കിലും താൽക്കാലികമായി അതിൽ നിന്നും പിന്നോട്ട് പോയിട്ടുണ്ട്. എങ്കിലും വൻഭൂരിപക്ഷത്തിൽ ജയിച്ച കൊച്ചി കോർപ്പറേഷൻ വിജയത്തിൻറെ തിളക്കം ഇല്ലാതായത് ദീപ്തിയുടെ പ്രതിഷേധത്തോടെയാണ് എന്ന തരത്തിൽ വാദമുയരുന്നുണ്ട്.
തൃശ്ശൂരിൽ ലാലി ജെയിംസ് മുന്നോട്ടുവച്ച ആരോപണങ്ങൾ കോൺഗ്രസിന്റെ വിജയത്തിൻറെ ശോഭ കെടുത്തി എന്നാണ് ഡി.സി സി നേതൃത്വത്തിന്റെ വാദം. നിലവിൽ ഞായറാഴ്ച ആയിട്ടുള്ള നീജി ജസ്റ്റിൻ പണം നൽകിയാണ് പദവി സ്വന്തമാക്കിയത് എന്ന ഗുരുതര ആരോപണമാണ് ലാലി ഉയർത്തിയത്.
ഇതോടെ നിജിയും ഡിസിസി നേതൃത്വവും ഒരുപോലെ പ്രതിരോധത്തിലായി. ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് വിഷയത്തിൽ കെപിസിസിയെ തൻറെ കടുത്ത അതൃപ്തി അറിയിച്ചതോടെയാണ് ലാലിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
മേയർ സ്ഥാനത്തേക്ക് ഒന്നിലേറെ പേരെ പരിഗണിക്കുമ്പോൾ വനിതാ നേതാക്കൾക്ക് ഇടയിലുണ്ടാകുന്ന അതൃപ്തി യു.ഡി.എഫിനും ബി ജെ പി ക്കും ഫലത്തിൽ തിരിച്ചടിയാകുന്നുണ്ട്.
ഇത്തരം വിഷയങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് പലയിടത്തും താഴെത്തട്ടിലുള്ള പ്രവർത്തകർ അമർഷത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നുമാസങ്ങൾ മാത്രം അവശേഷിക്കെ നിലവിലെ തമ്മിലടി യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയായേക്കുമെന്നും പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us