/sathyam/media/media_files/2025/12/28/v-k-prasanth-2025-12-28-12-23-25.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമം​ഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ.
വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരും. സഹോദര തുല്യൻ എന്ന നിലയിൽ പറഞ്ഞതിൽ സന്തോഷമുണ്ട്. മാർച്ച് മാസം വരെ വാടക കാലാവധിയുണ്ട്.
അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ തന്നെ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.
കെട്ടിടത്തിൽ ഇതുവരെ കൗൺസിലർ ഓഫീസും, എംഎൽഎ ഓഫീസും പ്രവർത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എൽഡിഎഫിന്റെ കൗൺസിലർ ബിന്ദുവും, ബിജെപിയുടെ കൗൺസിലർ മധുസൂദനൻ നായരും ഈ ഓഫീസുകളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ 10 വർഷമായി ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമം​ഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗൺസിൽ യോ​ഗം ചേർന്ന് തീരുമാനമെടുത്താൽ അപ്പോൾ ഉചിതമായ നിലപാട് സ്വീകരിക്കും.
എംഎൽഎയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കൗൺസിലർക്ക്, ഒരു എംഎൽഎയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?.
അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യർത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാൻ ഫോണിലൂടെ പറഞ്ഞാൽ ഉടൻ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us