/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് പഠിക്കാൻ സിപിഎം വീടുകളിലേക്ക്. കേരളത്തിലെ എല്ലാ വീടുകളിലും കക്ഷി രാഷ്ട്രീയ വത്യാസമില്ലാതെ പാർട്ടി നേതൃത്വം മുതൽ താഴെത്തട്ടിൽ ഉള്ളവർ വരെ ​സന്ദർശനം നടത്തും.
ഒരാഴ്ചയിൽ അധികം നീണ്ടു നിൽക്കുന്നതാണ് ​ഗൃഹ സന്ദർശനം. ജനുവരി 15 മുതൽ 22 വരെയാണ് പ്രചാരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ജനുവരി 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമരം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ് സമരം.
ഫെബ്രുവരി ഒന്നു മുതൽ എൽഡിഎഫ് ജാഥകൾ സം​ഘടിപ്പിക്കാനും തീരുമാനമായി. മൂന്ന് മേഖലകളാക്കി തിരിച്ചാണ് ജാഥ. കേന്ദ്രസർക്കാരിനെതിരെയും, മതനിരപേക്ഷത മുദ്രാവാക്യം ഉയർത്തിയുമാണ് ജാഥ.
ജനുവരി അഞ്ചിന് 23000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സം​ഘടിപ്പിക്കും. ജനുവരി 15ന് ലോക് ഭവൻ മാർച്ച് സംഘടിപ്പിക്കും. വാർഡുകളിൽ കുടുംബയോഗവും, ലോക്കലിൽ പൊതുയോഗവും നടത്തുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എന്താണ് അറസ്റ്റിലായവർക്ക് ഇതിലുള്ള പങ്കെന്ന് കൃത്യമായി തിരിച്ചറിയാത്തത് കൊണ്ടാണ് പാർട്ടി നടപടി സ്വീകരിക്കാത്തത്.
അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നോട്ടക്കുറവ് ഉണ്ടായോ എന്ന് അറിയണം. കുറ്റപത്രം ലഭിച്ചാൽ മാത്രമേ അത് മനസ്സിലാകൂ. അത് വന്നു കഴിഞ്ഞാൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു.
അടിത്തട്ട് മുതൽ മേൽത്തട്ട് വരെ സംഘടനാ ദൗർബല്യമുണ്ടായി. വിജയിക്കുമെന്നതിൽ തനിക്കും അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയെ കൂടെ നിർത്തിയത് തിരിച്ചടിയായെന്ന് വിലയിരുത്തലില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us