/sathyam/media/media_files/2025/12/30/kadakam-padma-2025-12-30-13-49-18.webp)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി അതിരൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യംചെയ്തതോടെ, അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീളുകയാണ്.
ബോർഡ് മുൻ പ്രസിഡന്റുമാരായിരുന്ന എ.പത്മകുമാറും എൻ.വാസുവും മുൻ ബോർഡംഗം എൻ.വിജയകുമാറുമടക്കം സി.പി.എമ്മിന്റെ മൂന്ന് പ്രധാന നേതാക്കൾ ജയിലിലാണ്.
ഏതാനും ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കി ഒതുക്കേണ്ടിയിരുന്ന അന്വേഷണമാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളെത്തുടർന്ന് മുൻ മന്ത്രിയടക്കം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീണ്ടത്.
2019ൽ ദേവസ്വം മന്ത്രിയെന്ന നിലയിൽ പറയാനുള്ള കാര്യങ്ങൾ എസ്.ഐ.ടിയോട് പറഞ്ഞെന്ന ഒറ്റവരി മറുപടി മാത്രമാണ് ചോദ്യംചെയ്യലിനെക്കുറിച്ച് കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കായതെന്നാണ് സൂചന. സ്വർണപ്പാളികൾ പുറത്തു കൊണ്ടുപോയി സ്വർണം പൂശാനുള്ള സ്പോൺസർഷിപ്പിനായി ദേവസ്വം ബോർഡിന് മാത്രമല്ല, സർക്കാരിനും പോറ്റി അപേക്ഷ നൽകിയിരുന്നെന്നും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സർക്കാർ നിർദ്ദേശിച്ചെന്നും ഇതു കൂടി കണക്കിലെടുത്താണ് ബോർഡ് തീരുമാനമെടുത്തത്.
മാത്രമല്ല, സ്വർണപ്പാളി പോറ്റിക്ക് കൈമാറാനുള്ള ഉത്തരവിന്റെ രേഖകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും പത്മകുമാർ മൊഴിനൽകിയതാണ് കടകംപള്ളിക്ക് കുരുക്കായത്.
ഇതോടെ ബോർഡിലേക്ക് പോറ്റിയെ അയച്ചത് കടകംപള്ളിയാണെന്ന് വന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് എസ്.ഐ.ടി കടകംപള്ളിയെ ചോദ്യം ചെയ്തത്. കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നൽകാനാണോ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണോ ഈ നീക്കമെന്ന് വ്യക്തമല്ല.
റിമാൻഡിലുള്ള പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് എസ്.ഐ.ടി കടകംപള്ളിയെ ചോദ്യം ചെയ്തത്. എസ്.പി ശശിധരന്റെ നേതൃത്വത്തിൽ രണ്ടര മണിക്കൂറിലേറെയാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്.
പോറ്റിയുമൊത്തുള്ള കടകംപള്ളിയുടെ നിരവധി ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ബാംഗ്ലൂർ എയർപോർട്ടിൽ വച്ചുള്ള ചിത്രങ്ങളെന്ന അടിക്കുറിപ്പോടെ ഷിബു ബേബിജോണാണ് ഇവ പുറത്തുവിട്ടത്. ഒരു ഫയലും താൻ കണ്ടിട്ടില്ലെന്നും ബോർഡിന്റെ ഒരു തീരുമാനത്തിലും പങ്കില്ലെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും എസ്.ഐ.ടി ചോദ്യം ചെയ്തിട്ടുണ്ട്. പ്രശാന്തിന്റെ ഭരണകാലത്തും ദ്വാരപാലക ശിൽപ്പപാളികൾ സ്വർണം പൂശാൻ കൊണ്ടുപോയിരുന്നു.
ഹൈക്കോടതിയും ഇക്കാര്യത്തിൽ നേരത്തേ വിമർശനമുന്നയിച്ചിരുന്നു. സ്വർണം പൊതിഞ്ഞ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് സ്വർണം വേർതിരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണോ പ്രശാന്തിന്റെ കാലത്തെ ബോർഡ് വീണ്ടും പാളികൾ സ്വർണം പൂശാൻ കൊടുത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us