/sathyam/media/media_files/2025/05/06/N3e7m8RFc25HUbESjl2D.jpg)
തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്'എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ക്യാമ്പയിന്റെ ഭാഗമായി കാസർഗോഡ് നിന്ന് ഡിസംബർ 26ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തുന്ന വിളമ്പര ജാഥയുടെ സമാപനവും ഇതോടൊപ്പം നടക്കും.
ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം 10 ലക്ഷത്തോളം പേർ പുതുതായി വ്യായാമത്തിലേക്കെത്തും.
ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്. അതിൽ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധം.
ആർദ്രം ആരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി 30 വയസ് കഴിഞ്ഞവരുടെ സ്‌ക്രീനിംഗ് നടത്തി.
അതിൽ 34 ശതമാനം പേർക്ക് രക്താതിമർദവും 24 ശതമാനം പേർക്ക് പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തൽ. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ 'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം' എന്ന ബൃഹത് കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ 20 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്‌ക്രീൻ ചെയ്തു കഴിഞ്ഞു.
ക്യാമ്പയിന്റെ അടുത്തഘട്ടമായാണ് സുസ്ഥിതിക്ക് (വെൽനസ്സ്) പ്രാധാന്യം നൽകിക്കൊണ്ട് 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്' എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വൈബ് 4 വെൽനസ്സ് പ്രവർത്തനങ്ങൾക്ക് 4 പ്രധാന ഘടകങ്ങളാണുണ്ടാവുക. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണവ.
2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.
ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുക, ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ, തദ്ദേശ സ്ഥാപങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യം.
ക്യാമ്പയിനിലുടനീളം ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിക്കും.
സൈക്കിൾ റാലി, കൂട്ടയോട്ടം, കൂട്ട നടത്തം, സൂമ്പ ഡാൻസ്, സ്‌കേറ്റിങ്, കളരിപ്പയറ്റ്, പൂരക്കളി, പുലിക്കളി, കായിക ടൂർണമെന്റുകൾ, ആരോഗ്യകരമായ ഭക്ഷണം തയാറാക്കൽ പരിശീലനം, ഭക്ഷ്യ പ്രദർശനങ്ങൾ, വ്യായാമ പരിശീലനം, യോഗ പരിശീലനം, ഫ്ളാഷ് മോബ് തുടങ്ങിയവ ക്യാമ്പയിന്റെ ഭാമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നു. എല്ലാവരും ഈ ക്യാമ്പയിനിൽ പങ്കാളികളാകണം. വ്യായാമം ഓരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us