'പോറ്റിയെ അറിയില്ല'. മണിയുടെയും സംഘത്തിന്റെയും മൊഴിയില്‍ ദുരൂഹതയെന്ന് എസ്‌ഐടി. ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസ് പ്രതി

മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

New Update
d738db09-e185-4a7a-b368-34d617ef1082

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കി. 

Advertisment

മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്. 

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. 

മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. 

കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് മണി പറഞ്ഞത്. 

മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ തമിഴ്‌നാട്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചു.

കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ട് മണിയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയ പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനും എസ്‌ഐടി ആലോചിക്കുന്നു. 

കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. 

മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്‌ഐടിയുടെ നീക്കം. പോറ്റിക്കും ഭണ്ഡാരിക്കും ഗോവര്‍ധനും കൊള്ളിയില്‍ ഒരുപോലെ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

Advertisment