/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചടുലത പകരാൻ കോൺഗ്രസ് ഒരുങ്ങുന്നു.
സംസ്ഥാനത്ത് പത്ത് വർഷം അധികാര ത്തിന് പുറത്ത് നിന്ന പാർട്ടി തിരിച്ചു വരവിന് ഒരുങ്ങുന്നുവെന്ന സദ്ദേശം തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം നൽകുന്നതിനിടെയാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കച്ചമുറുക്കുന്നത്. കഴിഞ്ഞ തവണ 93 സീറ്റിൽ മത്സരിച്ച പാർട്ടി ഇക്കുറിയും അതാവർത്തിക്കാനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വയനാട്ടിൽ അടുത്ത മാസം 3,4 തീയ്യതികളിൽ ചേരുന്ന ക്യാമ്പിലാവും ചില നിർണായക തീരുമാനങ്ങൾ രൂപപ്പെടുക.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന കേരള യാത്ര, സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മറ്റി എന്നിവയെ പറ്റി അന്തിമ ധാരണ രൂപപ്പെടും.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക എ. ഐ.സി.സിക്ക് കൈമാറുകയും ജനുവരി പകുതിയോടെ ഹൈക്കമാൻ്റ് നിരീക്ഷകരെ കൂടി ഉൾപ്പെടുത്തിയ പട്ടിക എ. ഐ.സി.സി പ്രഖ്യാപിക്കുകയും ചെയ്യും.
കഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളിൽ മത്സരിക്കാൻ പ്രാഥമിക ധാരണ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും പുതിയ കക്ഷി യു.ഡി.എഫിലേക്ക് എത്തുകയോ, നിലവിലുള്ള കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടിയോ വന്നാൽ എണ്ണം കുറയും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ പേരെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. നേരിയ മാർജിനിൽ പരാജയപ്പെട്ടവർക്കും വീണ്ടും അവസരം നൽകിയേക്കും.
എന്നാൽ നിലവിൽ അവർ മത്സരിച്ച മണ്ഡലങ്ങളിലെ സജീവത കൂടി പരിഗണിച്ചാവും തീരുമാനം. പ്രശ്നങ്ങൾ കഴിവതും പരിഹരിച്ച് അപസ്വരങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് പാർട്ടി തീരുമാനം.
ഇതിൻ്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ തന്നെ ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കം കുറിക്കും.
തർക്കമില്ലാത്ത ഫെബ്രുവരി രണ്ടാമത്തെ ആഴ്ച്ചയിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനും ധാരണയായിട്ടുണ്ട്.
പുതുതായി മുന്നണിയിൽ എത്തിയ പി.വി അൻവറിന് ഒരു സീറ്റ് നൽകിയേക്കും. എന്നാൽ സി.കെ ജാനുവിൻ്റെ പാർട്ടിക്ക് തൽക്കാലം സീറ്റ് നൽകില്ല.
പകരം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ചില നിർണായക സ്ഥാനങ്ങൾ നൽകുന്നതിനെ പറ്റിയും ആലോചനയുണ്ട്.
ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തി നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന സന്ദീപ് വാര്യർക്ക് ജയസാധ്യതയുള്ള സീറ്റ് നൽകണമെന്നും വാദമുയർന്നിട്ടുണ്ട്.
ലൈംഗികാപവാദത്തിൽ പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിലവിലെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്നും ധാരണയായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us