/sathyam/media/media_files/fUc4n2vZE9WuTUhmS4w1.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ നീക്കം സജീവമാക്കി സർക്കാർ.
ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നേക്കും. തുടർന്ന് ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമായേക്കും.
ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
പാർലമെൻ്ററി കാര്യ മന്ത്രി എം.ബി. രാജേഷ് ഇതിനകം മൂന്ന് തവണ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്.
മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുമ്പ് സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്.
എന്നാൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എംഎൽഎമാർക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്ന വാദം ഭരണകക്ഷി എംഎൽഎയായ ആൻ്റണി രാജു ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു.
ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിലവിൽ സർക്കാർ നീക്കം നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us