കടകംപള്ളിയുടെ അറസ്റ്റ് സാദ്ധ്യത തള്ളാതെ സി.പി.എം. അറസ്റ്റുണ്ടായാൽ രാഷ്ട്രീയമായി വൻ തിരിച്ചടിയാവും. അഞ്ചുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി കണ്ടുവച്ചിരുന്നയാൾ അറസ്റ്റ് ഭീതിയിൽ. പോറ്റിയുമായി ഉറ്റബന്ധമുള്ള കടകംപള്ളിക്ക് സ്വർണക്കൊള്ളയിലെ പങ്കിന് തെളിവുതേടി ഡിജിറ്റൽ പരിശോധനയുമായി എസ്.ഐ.ടി. സ്വർണക്കൊള്ള ആരോപണം മനോവിഷമമുണ്ടാക്കുന്നെന്ന് വികാരാധീനനായി കടകംപള്ളി. തലസ്ഥാനത്തെ ഉന്നതനേതാവായ കടകംപള്ളിയുടെ രാഷ്ട്രീയ ഭാവി ചോദ്യംചെയ്യലോടെ അവതാളത്തിൽ

സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല

New Update
kadakampally real.jpg

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റ് സാദ്ധ്യത തള്ളാതെ സി.പി.എം. അറസ്റ്റ് ചെയ്താലും തെറ്റുകാരനെന്ന് വിലയിരുത്താനാവില്ലെന്നും പാർട്ടി വിലയിരുത്തുന്നു.

Advertisment

 മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കടകംപള്ളിയെ അറസ്റ്റ് ചെയ്താൽ പാർട്ടിക്ക് വൻ ക്ഷീണമാവും.

അതിൽ നിന്ന് കരകയറി തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് കഴിയാതെ വരും. കടകംപള്ളിയുടെ അറസ്റ്റുണ്ടായാൽ സി.പി.എം നേരിടാൻ പോവുന്ന വൻ തിരിച്ചടിയാവും.

അതേസമയം, കടകംപള്ളിയുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്നും എസ്.ഐ.ടി സൂചിപ്പിച്ചു.

പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെ മറുപടിയിലാണ് അവ്യക്തത.

 പോറ്റിക്ക് സഹായം ചെയ്യാൻ അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും എസ്.ഐ.ടിക്ക് സംശയമുണ്ട്.

ബോർഡിന്റെ കാര്യങ്ങളിൽ മന്ത്രി ഇടപെടാറില്ലെന്ന മറുപടിയും തൃപ്തികരമല്ല. മുൻപ് നടത്തിയ നിരവധി ഇടപെടലുകൾ എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു.

പോറ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ച് വ്യക്തമായ മറുപടിനൽകിയിട്ടില്ല. ഇതിൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് എസ്.ഐ.ടി നിലപാട്.

എസ്.ഐ.ടിയുടെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ കടകംപള്ളി വികാരാധീനനായി. സ്വർണക്കൊള്ളയിൽ തനിക്ക് അറിവും പങ്കുമില്ല.

സ്വ‌ർണക്കള്ളനെന്ന് വിളിക്കരുത്. ആരോപണം മാനസിക വിഷമമുണ്ടാക്കുന്നു.

അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. അതേസമയം മൊഴികൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യുമെന്നാണ് എസ്ഐടി നൽകുന്ന സൂചന.

പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും പരിശോധിക്കുന്നുണ്ട്. എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക് വീണ്ടും കടകംപള്ളി എത്തുമെന്നാണ് അറിയുന്നത്.  

അതേസമയം ഒരിക്കൽ കൂടി കടകംപള്ളിയെ ചോദ്യം ചെയ്താൽ അറസ്റ്റിലേക്ക് നീങ്ങിയേക്കാനാണ് സാദ്ധ്യത.

പാർട്ടിക്കും കടകംപള്ളിക്കും അത്തരമൊരു ആശങ്കയുണ്ട്. അന്വേഷണ സംഘം പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്.

ഹൈക്കോടതി നിരീക്ഷണമുള്ളതിനാൽ അന്വേഷണത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതികളുണ്ട്. പത്മകുമാറിനെതിരേ പാർട്ടി നടപടിയെടുക്കാത്തത് പോലും കടകംപള്ളിയുടെ അറസ്റ്റ് സാദ്ധ്യത മുന്നിൽ കണ്ടാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കഴക്കൂട്ടം എം.എൽ.എയുമായ കടകംപള്ളി അറസ്റ്റിലായാൽ പാർട്ടിക്ക് നടപടിയെടുക്കാതെ തരമില്ലെന്ന് വരും.

 അഞ്ചു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ പാർട്ടി കണ്ടുവച്ചിരുന്ന കടകംപള്ളി സ്വർണക്കൊള്ളയിൽ അറസ്റ്റിലായാൽ പാർട്ടിക്കാകെ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

 എന്നാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണമെന്നതിനാൽ കാര്യമായ ഇടപെടലുകളും സാദ്ധ്യമല്ല. അതിനാൽ കടുത്ത പ്രതിരോധത്തിലാണ് പാർട്ടി.

 അതേസമയം പ്രാഥമികമായ ചോദ്യംചെയ്യലാണ് നടന്നതെന്നും മൊഴികളും തെളിവുകളും പരിശോധിച്ചേ അറസ്റ്റിൽ തീരുമാനമെടുക്കൂ എന്നുമാണ് എസ്.ഐ.ടി പറയുന്നത്.

പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിലും സ്വർണക്കൊള്ളയിലെ പങ്കിന് ഇനിവേണം തെളിവ് കണ്ടെത്താൻ.

എന്നാൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചുള്ള അന്വേഷണത്തിൽ കാര്യങ്ങൾ മാറിമറിയാനാണ് സാദ്ധ്യത.

പോറ്റിയെ അറിയാമെങ്കിലും സ്വർണം പൂശൽ പോറ്റിയെ ഏൽപ്പിക്കാനുള്ള ബോർഡ് തീരുമാനത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് കടകംപള്ളിയുടെ മൊഴി.

ബോർഡ് സ്വതന്ത്ര സംവിധാനമായതിനാൽ എല്ലാകാര്യങ്ങളും സർക്കാർ അറിയേണ്ടതില്ല. സ്വർണപ്പാളികൾ കൈമാറാനുള്ള തീരുമാനം പൂർണമായി ബോർഡിന്റേതാണ്. താനതിൽ പങ്കാളിയായിട്ടില്ല.

പോറ്റിയുമായി മറ്റിടപാടുകളില്ല. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല.

മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല.അതേസമയം, സ്വർണക്കൊള്ളയ്ക്കായി ബോർഡ് ഒന്നടങ്കം ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

 അതിനാൽ കടകംപള്ളി ദേവസ്വം മന്ത്രിയായിരിക്കെ നടന്ന സംഭവത്തെക്കുറിച്ച് മന്ത്രിക്കും അറിവുണ്ടാകാമെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.

Advertisment